അയൽവാസികൾ കമ്പുകൊണ്ട് കഴുത്തിൽ കുത്തി, 4 ദിവസം മരണത്തോട് മല്ലടിച്ച് വിജയകുമാരി, ഒടുവിൽ ജീവൻ പോയി

 


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ കരിക്കകംതല പുത്തൻവീട്ടിൽ വിജയകുമാരിയാണ് (45) മരിച്ചത്. തൊട്ടടുത്തുള്ള വസ്തുവിൻ്റെ ഉടമസ്ഥനായ യുവാവും സുഹൃത്തും റബ്ബർ കമ്പ് ഉപയോഗിച്ചാണ് കഴുത്തിൽ കുത്തിയത്.ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നാലു ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് വിജയകുമാരി മരണമടഞ്ഞത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തീവ്രമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഈ മാസം പതിനൊന്നിനായിരുന്നു സംഭവം. അതിയന്നൂർ കമുകിൻകോട് ഒറ്റപ്ലാവില വീട്ടിൽ അനീഷ് (25), അരംഗമുകൾ മേലേവീട്ടിൽ നിഖിൽ (21) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിജയകുമാരി മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രതികളിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

അടുത്തിടെയാണ് വിജയകുമാരിയുടെ വീടിനു സമീപത്തെ ഭൂമി അനീഷ് വാങ്ങിയത്. ഈ സ്ഥലത്തിൻ്റെ അതിർത്തി സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നു. അനീഷിനു വീടു നിർമിക്കുന്നതിൻ്റ ഭാഗമായി വസ്തു മണ്ണുമാന്തി ഉപയോഗിച്ചു വൃത്തിയാക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. റബ്ബർ കമ്പ് കൊണ്ട് വിജയകുമാരിയുടെ കഴുത്തിലാണ് പ്രതികൾ കുത്തിയത്.

മകളും പോളിടെക്നിക്ക് വിദ്യാർഥിനിയുമായ ശിവകലയാണ് നിലവിളിച്ച് ആളെക്കൂട്ടി മാതാവിനെ ആശുപത്രിയിലെത്തിച്ചത്. കഴുത്തിൽ മാരകമായി മുറിവേറ്റ വിജയകുമാരിയെ അന്നുതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. അത്യാസന്ന നിലയിലായതിനാൽ ഉടൻ തന്നെ വെൻ്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ നാലു ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.

أحدث أقدم