പ്രദേശവാസിയായ ചുരുളി പറമ്പിൽ മോഹനൻ എന്നയാളുമായി സോഫിയ പ്രണയത്തിലായി. ഈറ്റ വെട്ടി കുട്ടയും പായുമൊക്കെ നെയ്തുണ്ടാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മോഹനനെ ഈറ്റവെട്ട് ജോലിക്കിടയിൽ വെച്ചാണ് സോഫിയ പരിചയപ്പെടുന്നതും പ്രണയത്തിലായതും. മോഹനന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. അടുപ്പത്തിലായ മോഹനനും സോഫിയയും പിന്നീട് പനംക്കുട്ടിയിൽ ഒരുമിച്ച് താമസം ആരംഭിച്ചു.
പതിനേഴുകാരിയായ സോഫിയയെ മന്ത്രവാദിയുടെ നിർദേശമനുസരിച്ച് ബഞ്ചിന് മുകളിൽ അർദ്ധ നഗ്നയായി വരിഞ്ഞ് മുറുക്കി കെട്ടിയിട്ട് പൂജ നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മോഹനനന്റെ അനുജനായ ഉണ്ണി സോഫിയയെ മൂർച്ചയുള്ള ശൂലം കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. കൊലപാതകശേഷം സോഫിയയെ വീട്ടിലെ നടുമുറിയിൽ കുഴിച്ചു മൂടി. കോടിക്കണക്കിനു രൂപയുടെ നിധി കിട്ടുമെന്ന് മന്ത്രവാദി മോഹനനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഹനുമാൻ പ്രീതിക്ക് വേണ്ടിയാണ് കൊലപാതകമെന്നും മന്ത്രവാദി പറഞ്ഞു. മോഹനൻ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരൻ എന്നിവർ ചേർന്നാണു കൃത്യം നടത്തിയത്. സോഫിയയെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രധാന പ്രതിയായ ഉണ്ണി ജയിലിൽ വെച്ച് മരിച്ചു.