തിരുവനന്തപുരം: 22 വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ അറസ്റ്റിലായത്. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് ജയിലിൽ നിന്നും മോചിതനായത്. മണിച്ചനൊപ്പം ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ 6 മാസം മുൻപേ മോചിതരായിരുന്നു. മകനും സഹോദരനും എസ്എൻഡിപി യോഗം ഭാരവാഹികളും നാട്ടിലെത്തിയ മണിച്ചനെ സ്വീകരിച്ചു. 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ 3 ദിവസം മുൻപ് കോടതി ഉത്തരവു നൽകുകയായിരുന്നു. 2000 ഒക്ടോബർ 21 ന് ആയിരുന്നു കല്ലുവാതുക്കൽ മദ്യ ദുരന്തം നടന്നത്. ദുരന്തത്തിൽ 31 പേരാണ് മരണപ്പെട്ടത്. അഞ്ഞൂറിലധികം പേർ ചികിത്സതേടുകയും 4 പേരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. ഹയറുന്നീസയുടെ വാറ്റുകേന്ദ്രത്തിൽ നിന്നുള്ള മദ്യം കഴിച്ചവരാണ് മരിച്ചത്. മണിച്ചനാണ് ഹയറുന്നീസയ്ക്ക് ചാരായം എത്തിച്ചു നൽകുന്നതെന്ന് കണ്ടെത്തിയതോടെ അന്വേഷണം മുഴുവൻ മണിച്ചനുനേരെയാകുകയായിരുന്നു. സ്പിരിറ്റിൽ മീഥൈൽ ആൽക്കഹോൾ കലർത്തി വിതരണം ചെയ്തതാണ് ദുരന്തത്തിനു കാരണമായത്. വ്യാജ വാറ്റുകേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ അന്നത്തെ സർക്കാർ പ്രതിക്കൂട്ടിലാകുകയായിരുന്നു. പിന്നീട് സർക്കാർ ചിലവിലായിരുന്നു മണിച്ചന്റെ ജീവിതം. പുറത്തിറങ്ങിയ മണിച്ചനോട് മാധ്യമപ്രവർത്തകർ പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പൾ ‘മോചനം സാധ്യമാക്കിയ ദൈവത്തിനും പരമോന്നത കോടതിയ്ക്കും നന്ദി' എന്ന് മാത്രം പറഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കഞ്ഞി വിറ്റാണ് മണിച്ചന്റെ തുടക്കം. കുറെക്കാലം അതു തുടർന്നു. പിന്നീട് കള്ളുകച്ചവടത്തിലേക്കു മാറി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുന്നിലായിരുന്നു കഞ്ഞിക്കട. ഇതിനിടയിലാണ് ചില അബ്കാരികളുമായി മണിച്ചൻ ബന്ധമുണ്ടാക്കുന്നത്. ലഹരി കൂടിയ സ്പിരിറ്റ് കള്ളിന്റെ മറവിൽ വിൽക്കാൻ ആരംഭിച്ചതോടെ, രാഷ്ട്രീയ ബന്ധങ്ങളും വളർന്നു, കള്ളുഷാപ്പുകളുടെ എണ്ണവും കൂടി. പ്രദേശത്തെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്ന മണിച്ചന്റെ സഞ്ചാരം പിന്നെ ആഡംബര വാഹനങ്ങളിലായി. പുത്തൻ പണക്കാരനായി.
മണിച്ചൻ ജയിലിലെത്തിയത് കോടിശ്വരനായായിരുന്നു, എന്നാൽ തിരിച്ചിറങ്ങുമ്പോൾ കയ്യിൽ 4500 രൂപ മാത്രം. ജയിലിൽ വിവിധ ജോലികൾ ചെയ്ത് കിട്ടിയ വരുമാനമാണിത്. ഇനി കൃഷി ചെയ്ത് ജീവിക്കാനാണ് മണിച്ചന്റെ താൽപര്യം. മണിച്ചൻ ജയിൽ വളപ്പിലെ വാഴയും കപ്പയും ചീരയുമെല്ലാം പരിപാലിച്ചിരുന്നു. ജയിലിലെ നല്ല നടപ്പിനെ തുടർന്ന് തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.