വാ​ഗ്ദാനം കാനഡയിലെ മെക്കാനിക്കൽ എഞ്ചിനീയർ ജോലി; കൈപ്പറ്റിയത് 4 ലക്ഷം, തട്ടിപ്പ് കേസിൽ എറണാകുളത്തു യുവതി പിടിയിൽ


പത്തനംതിട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്തു. കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് കോയിപ്രം പോലീസ് എറണാകുളം പച്ചാളം സ്വദേശി ഹിൽഡ സാന്ദ്ര ഡുറ(30)ത്തെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഹിൽഡ. എറണാകുളം പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സമാന സ്വഭാവമുള്ള കേസിൽ റിമാൻഡിൽ കഴിയുകയാണ് ഹിൽഡ. തുടർന്ന് എറണാകുളം ജില്ലാ ജയിലിലെത്തി കോയിപ്രം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവല്ല പുറമറ്റം സ്വദേശി ബാബുക്കുട്ടി നൽകിയ പരാതിപ്രകാരം എടുത്ത കേസിലാണ് നടപടി. ഇദ്ദേഹത്തിന്റെ മകന് കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നാല് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലി നൽകുകയോ, പണം മടക്കി നൽകുകയോ ചെയ്തില്ല. ബാബുക്കുട്ടിയുടെ മകന്റെ കുമ്പനാട്ടെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്നും, ഒന്നാം പ്രതി ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് തവണയായി പണം അയക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച ബാങ്ക് രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് അന്വേഷണ സംഘം പണമിടപാടുകൾ നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതികൾ പലയിടങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഹിൽഡയ്ക്കെതിരെ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

أحدث أقدم