അറബി വേഷത്തിൽ 'സിഐഡികൾ'; മുറിയിൽ പൂട്ടിയിട്ട് മലയാളിയോട് ആവശ്യപ്പെട്ടത് 50,000 റിയാൽ; കവർച്ചാസംഘത്തിൽ നിന്ന് പ്രവാസി രക്ഷപെട്ടത് തലനാരിഴയ്ക്ക്


സൗദി:  സിഐഡി ചമഞ്ഞായിരുന്നു കവർച്ച സംഘം എത്തിയത്. സൗദിയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് ഇവർ തട്ടിക്കൊണ്ട് പോയത്. കവര്‍ച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ സാഹസികമായാണ് സൗദി പോലീസ് ഇവർ അറസ്റ്റ് ചെയ്തത്. ബിസിനസ് ആശ്യത്തിന് വേണ്ടിയാണ് അബൂബക്കർ ഒമാനിൽ നിന്നും സൗദിയിൽ എത്തിയത്. 50,000 റിയാല്‍ മോചനദ്രവ്യം ആണ് ഇയാളോട് സംഘം ആവശ്യപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പോലീസ് അബൂബക്കറിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബൂബക്കർ സൗദിയിലെ റിയാദിൽ എത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശത്തിന് ശേഷം ജുബൈലിലുള്ള മകളെയും മരുമകനേയും കണ്ട് റിയാദ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടക്കുന്നത്. ഒരു വാഹനത്തിൽ അറബ് വേഷധാരികളായ ഒരു സംഘം എത്തി. തങ്ങൾ സിഐഡികള്‍ ആണെന്ന് പരിചയപ്പെടുത്തി. അവരുടെ വാഹനത്തിൽ കയറി പോകാൻ ആവശ്യപ്പെട്ടു. അബൂബക്കർ വാഹനത്തിൽ കയറി. ഉടൻ തന്നെ സംഘം പഴ്‌സും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കെെക്കലാക്കി. പിന്നീട് കുറെ ദൂരം സഞ്ചരിച്ചു. വിജനമായ പ്രദേശത്തുകൂടി യാത്ര ചെയ്ത് ഒടുവില്‍ ഒരു വലിയ ഒളിസങ്കേതത്തില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. അബൂബക്കറിനെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ മുറിയിൽ നിന്നും ഒരു ഫോൺ കണ്ടെത്തി. ഇതിൽ നിന്നും മകളുടെ ഭര്‍ത്താവിന് മെസേജ് അയച്ചു. കൂടെ ലൊക്കേഷന്‍ ഷെയർ ചെയ്തു. എന്നാൽ സംഘം അബൂബക്കറിലെ പല സ്ഥലത്തേക്ക് പിന്നീട് സ്ഥലം മാറ്റി. അതുകൊണ്ട് വ്യക്തമായ സ്ഥലം കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടി. അബൂബക്കറിന്റെ മകളുടെ ഭർത്താവ് സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് ലൈവ് ലൊക്കേഷന്റെ സഹായത്തോടെ ആ പ്രദേശത്തെ പല സ്ഥലങ്ങളിലും പരിശോധന നടത്തി. ഒടുവിൽ അബൂബക്കർ നിൽക്കുന്ന സ്ഥലം കണ്ടെത്തി. പോലീസ് അവിടെ നിന്നും ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. അബൂബക്കറിനെ കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സൗദിയിലെ സാമൂഹികപ്രവർത്തകർ സഹായവുമായി എത്തിയിരുന്നു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ റാഫി പാങ്ങോട്, അന്‍സാര്‍ കൊടുവള്ളി, നവാസ് ഒപീസ്, അലി ആലുവ, നൗഷാദ് ആലുവ, ഷൈജു പച്ച, സജീര്‍ സമദ് എന്നിവർ ആയിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

أحدث أقدم