പത്തനംതിട്ട: ഇരട്ട നരബലിക്ക് പിന്നാലെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഇലന്തൂർ. നാട്ടുകാർക്ക് പുറമെ നിരവധി പേരാണ് അരുംകൊല നടന്ന ഭഗവൽ സിംഗിന്റെ വീട് കാണാൻ പ്രദേശത്തേയ്ക്ക് എത്തുന്നത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് സഹായമായി മാറുകയാണ് ആദ്യശ്രീ തംബുരുവെന്ന ഓട്ടോ. ഇലന്തൂരിലെത്തുന്നവർക്ക് ഭഗവൽസിംഗിന്റെ കടകംപള്ളിൽ വീട്ടിലേക്കുള്ള യാത്ര എളുപ്പമാക്കാനായി ഓട്ടോ സ്റ്റാൻഡിൽ ആദ്യശ്രീയുണ്ടാകും. ഇലന്തൂർ ചന്തയിലെ ഓട്ടോ സ്റ്റാൻഡിലാണ് ഗിരീഷിന്റെ ആദിശ്രീ തംബുരുവെന്ന ഓട്ടോ പാർക്ക് ചെയ്യുന്നത്. വിവാദ വീട്ടിലേക്ക് പോകാനായി ധാരാളം പേരാണ് ഇവിടെ ദിവസങ്ങളിൽ എത്തുന്നത്. ഇവിടെ വരെ ബസിൽ എത്തുന്നവർക്ക് നരബലി നടന്ന വീട്ടിലേക്ക് പോകുക എളുപ്പമല്ല. ഉൾപ്രദേശമായ ഇവിടേക്ക് ബസുകൾ ഇല്ല. നടക്കാവുന്നതിൽ അധികമാണ് ദൂരവും. ഇത്തരത്തിൽ എത്തുന്നവർക്ക് വഴി തെറ്റാതിരിക്കാനാണ് ഓട്ടോയിൽ നരബലി വീട്ടിലേക്കുള്ള സർവീസ് എന്ന ബോർഡ് വച്ചത്. ഇതിനൊപ്പം നിരക്ക് 50 എന്ന് എഴുതിയും വച്ചു. ചാർജ് സംബന്ധിച്ച തർക്കം ഒഴിവാക്കാനാണ് നിരക്ക് എഴുതിവെച്ചതെന്ന് ഗിരീഷ് പറയുന്നു. തെളിവെടുപ്പിനായി ഭഗവൽ സിങ്, ഭാര്യ ലൈല,ഷാഫി എന്നിവരെ കൊച്ചിയിൽ നിന്നും ആദ്യ ദിവസം കൊണ്ട് വന്നപ്പോൾ ധാരാളം പേര് കാഴ്ചക്കാരായി എത്തിയിരുന്നു. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ച ശനിയാഴ്ച അഭൂത പൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ആധുനിക സംവിധാനങ്ങളും പരിശീലനം ലഭിച്ച നായ്ക്കളെയും ഒക്കെ പരിശോധനക്കായി കൊണ്ട് വരുമെന്ന് വാർത്തകൾ വന്നതോടെ ഇതെല്ലാം കാണാൻ കൂടിയാണ് തിരക്ക് ഏറിയത്. ഏറെ പണിപ്പെട്ടാണ് പോലീസ് അന്ന് തിരക്ക് നിയന്ത്രിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും സ്ത്രീയുടെ ഡമ്മിയും കടകം പള്ളിൽ വീട്ടിൽ പരിശോധനക്ക് ഉപയോഗിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തെളിവെടുപ്പ് എട്ടു മണിക്കൂർ പിന്നിട്ട് രാത്രി ഒൻപത് മണിയോടെ അവസാനിക്കും വരെ കത്ത് നിന്നവർ ഉണ്ടായിരുന്നു. സിബിഐ ഡയറിക്കുറിപ്പ് സിനിമയിലേത് പോലെ ഡമ്മി പരീക്ഷണമൊക്കെ നേരിട്ട് കാണാമെന്നായിരുന്നു ചിലരുടെ പ്രതീക്ഷ. എന്നാൽ ഇവ മുറിക്കുളളിൽ കട്ടിലിലും മേശയിലും കിടത്തിയായിരുന്നു പരിശോധന.