5ജിയുടെ പേരിലും വൻ തട്ടിപ്പ്, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും


വെബ് ടീം : എന്ത് സാങ്കേതികവിദ്യ വന്നാലും അവ തട്ടിപ്പിനായി ഉപയോഗിക്കുന്ന നിരവധി ആളുകൾ സൈബർ ലോകത്തുണ്ട്. മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ ഇന്ന് നിത്യസംഭവങ്ങളാണ്. ഇപ്പോഴിതാ തട്ടിപ്പിന്റെ പുതിയ രൂപം കൂടി വന്നിരിക്കുകയാണ്. രാജ്യത്ത് 5ജി നെറ്റ്വർക്കുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് 5ജി സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പും ആരംഭിച്ചിരിക്കുന്നത്. ജിയോഎയർടെൽ എന്നിവയുടെ പേരിലാണ് വലിയ തട്ടിപ്പ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം സിം സ്വാപ്പ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 5ജി ലോഞ്ച് ചെയ്തതിന് പിന്നാലെ 5ജി സിം കാർഡുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഹൈദരാബാദ് സൈബർ ക്രൈം വിങ് പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 5ജി സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് നടക്കുന്നത്.

റിപ്പോർട്ടിൽ സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പ് ഫോണുകളിൽ ലഭിക്കുന്ന ലിങ്കുകൾ വഴിയാണ് നടക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടുന്നു. പുതിയ 5ജി തട്ടിപ്പ് നടക്കുന്നത് സിം കാർഡ് അപ്ഗ്രേഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് . ഉപയോക്താക്കളുടെ സിം കാർഡ് 4ജിയിൽ നിന്ന് 5ജി നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ട് ചില തട്ടിപ്പുകാർ ഫോണുകളിലേക്ക് ലിങ്ക് അയയ്‌ക്കുന്നു. ഈ ലിങ്ക് തന്നെയാണ് തട്ടിപ്പിന്റെ ആയുധം. 

5ജിയിലേക്ക് മാറാൻ കാത്തിരിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. മികച്ച കണക്റ്റിവിറ്റി ലഭിക്കുന്നതിനായി ടെലികോം കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക മെസേജാണ് എന്ന് തെറ്റിദ്ധരിച്ച് ആളുകൾ തങ്ങളുടെ ഫോണിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. ഇതിലൂടെ സൈബർ കുറ്റവാളികൾ ഇരകളുടെ ഫോണുകൾ ഹാക്ക് ചെയ്യുകയും ഡാറ്റ മോഷ്ടിക്കുകയും ചെയ്യുന്നു. 

മാൽവെയർ അടങ്ങുന്ന ലിങ്കുകളാണ് ഫോണുകളിലേക്ക് വരുന്നത്. ഇതിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ തട്ടിപ്പുകാർക്ക് ലഭിക്കും. ഇതിലൂടെ അവർ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും സിം കാർഡ് സ്വാപ്പ് ചെയ്യുകയും പണം തട്ടുകയും ചെയ്യും. സിം കാർഡ് സ്വാപ്പ് ചെയ്യപ്പെട്ടാൽ ആളുകൾക്ക് സ്വന്തം സിമ്മിലേക്കുള്ള ആക്സസ് നഷ്ടപ്പെടും. ഈ 5ജി സിം കാർഡ് തട്ടിപ്പിലൂടെ സൈബർ കുറ്റവാളികൾ ഇരകളുടെ ഫോണിന്റെ എല്ലാ നിയന്ത്രണവും ഏറ്റെടുക്കുകയും ചെയ്യുന്നു. 

അജ്ഞാതരായ ആളുകളിൽ നിന്നോ നമ്പറുകളിൽ നിന്നോ വരുന്ന 4ജി യിൽ നിന്ന് 5ജി ലേക്ക് മാറുക എന്ന മെസേജുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഹൈദരാബാദിലെ സൈബർ വിങ് എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാൽവെയർ ഉള്ളതോ സംശയാസ്പദമോ ആയ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എയർടെല്ലും ജിയോയും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ തങ്ങളുടെ 5ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കുന്നതിനൊപ്പം തന്നെ തങ്ങളുടെ ഉപയോക്താക്കൾ ഇത്തരം തട്ടിപ്പുക്കളിൽ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

 

 


أحدث أقدم