6 ഇഞ്ചിൽ നിന്ന് 3.5 അടിയിലേക്ക് വെള്ളം; വിഗ്രഹ നിമജ്ജനത്തിനിടെ മിന്നൽ പ്രളയം, 8 മരണം


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽ നദിയിൽ വിഗ്രഹ നിമജ്ജനത്തിനിടെ മിന്നൽ പ്രളയം. ഒഴുക്കിൽപ്പെട്ട് നാലു സ്ത്രീകളടക്കം എട്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. നോർത്ത് ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ബുധനാഴ്ച രാത്രിയിലാണ് ദുരന്തം ഉണ്ടായത്. പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.15 നായിരുന്നു അപകടം. അഞ്ചുദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനം കുറിച്ചുള്ള ദുർഗാ വിഗ്രഹ നിമജ്ജനത്തിനായി നൂറിലധികം വിശ്വാസികളാണ് നദീതീരത്ത് തടിച്ചുകൂടിയിരുന്നത്. ഹിമാലയൻ മലനിരകളുടെ അടിവാരത്ത് കനത്ത മഴ പെയ്താൽ മാൽ നദിയിൽ ജലനിരപ്പ് ഉയരുന്നത് പതിവാണ്. വിഗ്രഹ നിമജ്ജന സമയത്ത് പ്രദേശത്ത് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുമെന്ന് ആരും കരുതിയിരുന്നില്ല. സെക്കൻ്റുകൾക്കുള്ളിൽ ആറ് ഇഞ്ചിൽ നിന്ന് 3.5 അടിയായാണ് നദിയിലെ ജലനിരപ്പ് ഉയർന്നത്. നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. സംഭവത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും നാശമുണ്ടായി. 50 ലധികം പേരെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് പോലീസ്, പ്രാദേശിക ഭരണകൂടം തുടങ്ങിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു മാൽ മണ്ഡലത്തിലെ എംഎൽഎയായ മന്ത്രി ബുലു ചിക്ക് ബരെയ്ക്ക് സൂചന നൽകി. അപകടം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിശക്തിയിൽ എത്തിയ വെള്ളം ആളുകളെ തുടച്ചുനീക്കി. 100 ലധികം പേർ സ്ഥലത്തുണ്ടായിരുന്നു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

أحدث أقدم