മുംബൈ: മലേഷ്യയിൽനിന്ന് കടലാമ, ആമ, പെരുമ്പാമ്പ്, പല്ലി എന്നിവയുൾപ്പെടെ 665 ജീവികളെ അനധികൃതമായി കടത്തിയ രണ്ടുപേരെ മുംബൈയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശി ഇമ്മൻവേൽ രാജ, മസ്ഗാവ് സ്വദേശി വിക്ടർ ലോബോ എന്നിവരാണ് അറസ്റ്റിലായത്. അക്വേറിയം മത്സ്യങ്ങൾ എന്ന പേരിലാണ് ജീവികളെ കടത്തിയതെന്നും ഇവയിൽ 548 എണ്ണത്തിന് ജീവനുണ്ടെന്നും 117 എണ്ണം ചത്തനിലയിലായിരുന്നുവെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലേഷ്യയിൽനിന്ന് ബുധനാഴ്ച രാത്രി സഹറിലെ എയർ കാർഗോ കോംപ്ലക്സിൽ (എ.സി.സി.) പെട്ടികളെത്തുമെന്ന് ഡി.ആർ.ഐ.യ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെട്ടികളുമായി ധാരാവിയിലേക്ക് പോകുകയായിരുന്ന വാഹനം വിലെ പാർലെയിൽ ഏജൻസി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 30 പെട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ തുറന്നപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ജീവികളെ കണ്ടെത്തിയത്.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. 30 പെട്ടികളിൽ 16 എണ്ണത്തിൽ അലങ്കാരമത്സ്യങ്ങളും 14 പെട്ടികളിൽ 665 ജീവികളുമായിരുന്നു. പിടികൂടിയ ജീവികൾക്ക് 2.98 കോടി രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നതായി ഡി.ആർ.ഐ. ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയുൾപ്പെടെ 175 രാജ്യങ്ങൾ ഒപ്പുവെച്ച വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) പട്ടികയില്‍ പെടുന്ന ഇത്തരം ജീവികളെ കടത്തുന്നത് നിയമപരമായി നിരോധിച്ചിട്ടുള്ളതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഡിആര്‍ഐ വൈകിപ്പിച്ചെന്നും ജീവികളുടെ മതിപ്പുവില അന്വേഷണ സംഘം കൂട്ടി കാണിച്ചെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.