അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാന്‌സ്‌പോര്ട്ട് കമ്മീഷണർ പറഞ്ഞു.
അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റര് വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റര് വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബൂഫർ, ലൈറ്റിങ് ഉൾപ്പെടെയുള്ള പല മാറ്റവും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമലംഘനമാണ്. കുട്ടികളുടെ വിനോദയാത്രയ്ക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നതും താത്പര്യപ്പെടുന്നതും.
അപകടങ്ങൾ കുറയ്ക്കാൻ വിദ്യാലയങ്ങളും ബസ് ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലര്ത്തണമെന്നും വിനോദയാത്രയ്ക്ക് വാഹനങ്ങൾ ഏര്‌പ്പെടുത്തുമ്പോൾ ട്രാന്‌സ്‌പോര്ട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്നും ട്രാന്‌സ്‌പോര്ട് കമ്മീഷണർ നിർദേശിച്ചു..