ദുരൂഹത ഒഴിയുന്നില്ല; ഷാരോൺ രാജിന്‍റെ പെൺസുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്തേക്കും; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും


തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. കേസ് അന്വേഷിക്കാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്നാണ് തുടങ്ങുക. യുവാവ് മരണപ്പെടുന്നതിന് മുൻപ് ജ്യൂസും കഷായവും നൽകിയ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഷാരോൺ രാജിന്‍റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെല്ലാം യുവതി കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ടതിന് പിന്നാലെ പോലീസിനെതിരെ ഉൾപ്പെടെ ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. റൂറൽ എസ്പി ഡി ശിൽപ്പയാണ് കേസ് പുതിയ സംഘത്തിന് കൈമാറിയത്.

ഷാരോണിന്‍റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തുമെന്ന് എസ്പി വ്യക്തമായിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘവും രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിലൂടെയേ ആരോപണങ്ങൾ ശരിയോ എന്ന് വ്യക്തമാകൂ എന്നാണ് എസ്പി ഇന്നലെ പ്രതികരിച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

അതേസമയം ചലഞ്ച് എന്ന പേരിൽ ഷാരോണും യുവതിയും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് യുവാവിന്‍റെ മരണത്തിന് രണ്ടാഴ്ച മുൻപാണ് ചലഞ്ച് നടന്നത്. പെൺകുട്ടിയും ഷാരോണുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. യുവതിയുമായി ഷാരോൺ നടത്തിയ വാട്ട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്നകാരണമെന്നും യുവാവ് ചാറ്റിൽ പറയുന്നുണ്ട്.


അതേസമയം യുവാവിന്‍റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾ യുവതി നിഷേധിച്ചിരുന്നു. "പറയുന്നത് പറഞ്ഞോട്ടെ, ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഈ കാര്യം പറഞ്ഞിട്ട്. മുന്നോട്ട് ഇങ്ങനെ തന്നെ പോകാനാണെങ്കിൽ എന്‍റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല. ഈ പറയുന്നതിൽ ഒന്നും ഒരു അടിസ്ഥാനവുമില്ല. എനിക്ക് പ്രതികരിക്കാനില്ല ഇതിൽ, എനിക്ക് ഒന്നും പറയാനുമില്ല" എന്നായിരുന്നു യുവതിയുടെ പ്രതികരണം.
أحدث أقدم