സോൾ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് കിം ജോങ് ഉന്നിൻ്റെ ഉത്തര കൊറിയ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ജപ്പാന് മുകളിലൂടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ തൊടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ പസഫിക് സമുദ്രത്തിൽ പതിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. ജപ്പാനിലെ ഒരു ദ്വീപിന് മുകളിലൂടെയാണ് മിസൈൽ എത്തിയത്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചു. കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയതോടെ വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ആളുകളെ ഭൂഗർഭ അറകളിലേക്ക് മാറ്റി. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ താമസക്കാരോടാണ് വീടുകളിൽ നിന്ന് മാറാൻ സർക്കാർ നിർദേശം നൽകിയത്. ജപ്പാനിലെ ഹൊക്കൈഡോ, അമോറി മേഖലകളിലെ ട്രെയിനുകളാണ് സർവീസ് നിർത്തിവച്ചത്.
ഉത്തരകൊറിയയുടെ നടപടിയെ ജപ്പാൻ അപലപിച്ചു. ജനുവരിയിൽ നടത്തിയ മിസൈൽ പരീക്ഷണത്തിന് പിന്നാലെ ഉത്തര കൊറിയ നടത്തിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണമാണിത്. ഉത്തരകൊറിയയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റായ നടപടിയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുമുണ്ടായത്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതിയെ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിസൈൽ വിക്ഷേപണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു. മിസൈൽ 22 മിനിറ്റ് പറന്ന് കടലിൽ പതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുടെ വടക്കൻ ഉൾനാടൻ മേഖലയിൽ നിന്നാണ് ജപ്പാനിലേക്ക് മിസൈൽ എത്തിയതെന്നാണ് ജപ്പാൻ വ്യക്തമാക്കുന്നത്. ഉത്തരകൊറിയ മിസൈൽ നടത്താൻ സാധ്യതയുള്ളതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ നപടിയെ ലോകരാജ്യങ്ങൾ വിമർശിച്ചു.