വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഒരുമാസത്തിനിടെ ഒൻപത് പശുക്കളാണ് ചീരാലിൽ കടുവയുടെ അക്രമണത്തിൽ കൊല്ലപെട്ടത്. ഇതോടെ കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി മാത്രം മൂന്ന് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിൻ്റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിൻ്റെ സഹോദരിയുടെ പശുവിനേയും ആക്രമിച്ച് പരിക്കേൽപിച്ചു. ഐലക്കാട് രാജൻ എന്നയാളുടെ പശുവിനേയും കടുവ ആക്രമിച്ചു. വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തുന്നത്. ഉൾവനത്തിലടക്കംവനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്.