ആലപ്പുഴ: ചേർത്തലയിൽ നിന്ന് ഒൻപത് വർഷം മുമ്പ് ബിന്ദു പത്മനാഭൻ എന്ന യുവതിയെ കാണാതായതിനു പിന്നിലും നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയോയെന്ന സംശയത്തിൽ നാട്ടുകാർ. ഇരട്ട നരബലിക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഷാഫിയെ ഈ കേസുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യും. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷാഫിയെ അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ സുരേഷ് പറഞ്ഞു. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതോടെയാണ് ഇയാൾ ബിന്ദുവിന്‍റെ വീട്ടിലും എത്തിയിരുന്നോ എന്ന സംശയം നാട്ടുകാർക്കും ബന്ധുക്കൾക്കും തോന്നുന്നത്. നരബലി കേസുമായി ബന്ധപ്പെട്ട് ഷാഫിയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. ഇക്കാര്യം ബിന്ദുവിന്‍റെ സഹോദരൻ പ്രവീൺ അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ബിന്ദു കേസിലെ ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും നിലവിൽ ഉയർന്ന സംശങ്ങളുടെയും അടിസ്ഥാനത്തിൽ അടുത്ത ആഴ്ചയാകും ക്രൈംബ്രാഞ്ച് ഷാഫിയെ ചോദ്യം ചെയ്യുക. ഷാഫിയെ പോലെ ഒരാളെ ബിന്ദുവിന്‍റെ വീട്ടിൽ കണ്ടിരുന്നെന്നാണ് ഇവർ പറയുന്നത്. ബിന്ദുവിന്‍റെ അച്ഛൻ പത്മനാഭൻ 2002ലാണ് മരിച്ചത്. അന്ന് സംസ്കാര ചടങ്ങിൽ ഷാഫിയെ പോലെ ഒരാളെ കണ്ടെന്നുവാണ് റിപ്പോർട്ട്. ബിന്ദുവിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന മൊഴിയെടുക്കലിലും ഇത്തരത്തിലുള്ള ഒരാളെക്കുറിച്ച് കുടുംബം പറഞ്ഞിരുന്നു. ഭാര്യയും മകനുമായി അന്നെത്തിയ ആ അപരിചിതൻ രണ്ട് മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അന്ന് അവിടെ നിറഞ്ഞ് നിന്ന ഇയാളെ അതിന് മുൻപോ, ശേഷമോ കണ്ടതായി ആരും പറയുന്നില്ല. ബിന്ദുവിന്‍റെ അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ ബിന്ദുവിന്‍റെ പേരിലാക്കിയിരുന്നു. ഇത് മനസിലാക്കി എത്തിയതായിരിക്കണം ഇയാൾ എന്നുമാണ് സംശയിക്കുന്നത്. കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ ബിന്ദു പത്മനാഭനെ 2013 മുതലാണ് കാണാതായത്. 51 വയസാണ് ഇവർക്ക്. വിദേശത്തായിരുന്ന സഹോദരൻ പ്രവീൺ 2017ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി ആഭ്യന്തര വകുപ്പിനു നൽകിയത്. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
കോടികളുടെ സ്വത്തിന് ഉടമ, ബിന്ദു പത്മനാഭനെ കാണാതായതിന് പിന്നിലും ഷാഫി? വീട്ടിൽ കണ്ടത് നരബലിക്കേസിലെ പ്രതിയെയോ? സംശയത്തിൽ നാട്ടുകാർ
jibin
0
Tags
Top Stories