'കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിങ്ങൾ'; ആർഎസ്എസ് മേധാവിക്ക് മറുപടിയുമായി അസദുദ്ദീൻ ഒവൈസി


ഹൈദരാബാദ്: രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നില്ലെന്നും മുസ്ലിങ്ങളാണ് കൂടുതല്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതെന്നും ഹൈദരാബാദ് എം പിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ നടത്തിയ പ്രസ്താവനക്ക് മറപടിയായാണ് ഒവൈസിയുടെ പ്രതികരണം.  ഹൈദരാബാദില്‍ പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 'മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നില്ല. പകരം കുറയുകയാണ്. മുസ്ലിങ്ങള്‍ക്കിടയിലും കുട്ടികള്‍ തമ്മിലുള്ള ഇടവേള വര്‍ധിച്ചുവരുന്നുമുണ്ട്. ആരാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്?, ഞങ്ങളാണ്. മോഹന്‍ ഭാഗവത് ഇതിനെ കുറിച്ച് സംസാരിക്കില്ല', വീഡിയോയില്‍ ഒവൈസി പറഞ്ഞു. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം വര്‍ധിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്നും വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. എന്നാൽ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റില്‍ ഏറ്റവും ഇടിവുണ്ടായിട്ടുള്ളത് മുസ്ലിം വിഭാഗത്തിനിടയിലാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ-5 നെ ഉദ്ധരിച്ചുകൊണ്ട് ഒവൈസി പറയുന്നു. അതേസമയം, അസദുദ്ദീൻ ഒവൈസിക്കെതിരെ ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്തെത്തി. "അസാദുദ്ദീൻ ഒവൈസി വിവാദം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. കുറഞ്ഞ ജനസംഖ്യ സമൂഹത്തിന് ഗുണകരമാണ്. ജനസംഖ്യ കൂടുന്തോറും അത് സൃഷ്ടിക്കുന്ന പ്രശ്നം വലുതാണ്. അത് മനസ്സിൽ കരുതണം," ഹുസൈൻ പറഞ്ഞു.

أحدث أقدم