കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബ് ബലാത്സംഗക്കേസിൽ പ്രതിയാണെന്ന് വിവരവും പുറത്തുവന്നു.
2019ൽ മുണ്ടക്കയം സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ആണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ കേസിൽ നിലവിൽ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പിന്നീട് ശല്യപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
ഇതിനിടയിലാണ് ഇപ്പോൾ മാമ്പഴ മോഷണവും നടത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് വ്യക്തമായിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്.
സ്‌കൂട്ടര്‍ കടയുടെ സമീപം നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന വിലപിടിപ്പുള്ള മാമ്പഴമാണ് ഇയാള്‍ തൻ്റെ സ്കൂട്ടറിലേക്ക് മാറ്റിയത്. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.