സമയം കഴിഞ്ഞു ആരും രാജി വെച്ചില്ല ; ഗവർണറും വി.സിമാരും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലേക്ക്; നാല് മണിക്ക് പ്രത്യേക സിറ്റിങ്



തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസർമാരോട് രാജിവെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ സമയം കഴിഞ്ഞു. ഒരാളും രാജിവെച്ചില്ല. ഗവർണറുടെ നിർദേശം തള്ളി വിസിമാർ നേരെ ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി. ഇന്ന് അവധി ദിനമാണെങ്കിലും ഹൈക്കോടതി ഇന്നുതന്നെ ഹർജി പരിഗണിക്കും. വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവർണർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, രാജിക്കില്ലെന്ന് ആറ് വിസിമാർ ഗവർണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാർ രാജ്ഭവനെ അറിയിട്ടിള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സർവകലാശാല വിസിമാർ ഒഴികെയുള്ളവരാണ് കത്ത് നൽകിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.

രാജിവെക്കാൻ അനുവദിച്ച സമയം അവസാനിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളിലേക്ക് ഗവണർ ഇന്നുതന്നെ കടന്നേക്കും. സുപ്രീംകോടതി വിധി ഉയർത്തി വി.സിമാരെ പുറത്താക്കാനുള്ള നീക്കം അദ്ദേഹം നടത്തിയേക്കുമെന്നാണ് സൂചന.
أحدث أقدم