പഠിക്കാൻ പണം വേണം… സ്വന്തം സ്കൂളിന് മുന്നില്‍ കപ്പലണ്ടി വിൽപ്പന


ആലപ്പുഴ : പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം സ്കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുകയാണ് ഈ പ്ലസ്ടു വിദ്യാര്‍ഥിനി. സ്കൂള്‍ വിട്ടാല്‍ രാത്രി എട്ട് മണി വരെ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന വിനിഷ എന്ന പെണ്‍കുട്ടി ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ പതിവ് കാഴ്ചായാണ്. വറചട്ടിയിലെ ചൂടിനേക്കാള്‍ കാഠിന്യമുണ്ട് വിനിഷയുടെ നെഞ്ചിനുള്ളില്‍. 14 വയസ്സില്‍ ചുമലിലേറ്റിയ ഭാരമാണ്. സ്കൂൾ വിട്ടാല്‍ കുട്ടികൾ പാറിപ്പറന്ന് വീടുകളിലേക്ക് ഓടിയെത്തും. പക്ഷെ വിനിഷയെ കാണണമെങ്കില്‍ കണിച്ചുകുളങ്ങര ഹയർ സെക്കന്‍ററി സ്കൂളിനെ മുന്നിലെ റോഡിലേത്തണം. വിനിഷ ഉന്തുവണ്ടിയില്‍ കടലയും കപ്പലണ്ടിയും എല്ലാം ചൂടോടെ വിൽക്കുന്നത് സ്കൂളിന് മുന്നിൽ വച്ചാണ്.
അച്ഛൻ കൂലിപ്പണിക്കാരനാണ്. വിനിഷയക്ക് സ്വന്തമായി വീടില്ല. അമ്മ പാര്‍വതിയും കപ്പലണ്ടി വിൽപ്പനക്കാരിയാണ്. അധികം നേരം നിന്നാല്‍ കാല് വേദനകൊണ്ടു പുളയുന്ന അമ്മക്ക് സഹായമായി തുടങ്ങിയതാണ് വിനിഷ ഈ ജോലി. പ്ലസ് ടുവിലെത്തിയതോടെ പഠിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയായി. അങ്ങിനെ കച്ചവടം സ്ഥിരം ജോലിയായി മാറി. വൈകിട്ട് നാലരക്ക് തുടങ്ങിയാൽ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടില് ചെന്നിട്ട് വേണം വിനിഷയ്ക്ക് പഠിക്കാന്‍. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്നാണ് വിനിഷ പറയുന്നത്.
أحدث أقدم