തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വെഞ്ഞാറംമൂട്ടിൽ സ്കൂൾ വിട്ടു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ വഴിയിൽ വെച്ചായിരുന്നു ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തടഞ്ഞു വച്ച് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്. വെഞ്ഞാറമൂട് വെള്ളുമണ്ണടിക്കു സമീപമാണ് സംഭവം നടന്നത്. ഇരുളൂർ തോട്ടരികത്ത് കടയിൽ വീട്ടിൽ മണിലാൽ, മടവൂർ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തൻവീട്ടിൽ രാജു, സജീവ് എന്നിവരാണ് വെഞ്ഞാറംമൂട് പൊലീസിന്‍റെ പിടിയിലായത്.
വൈകിട്ട് സ്കൂൾ ബസിൽ വെള്ളുമണ്ണടിക്കു സമീപം ഇറങ്ങി വീടിലേക്ക് നടന്നു പോകുകയായിരുന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണ ശ്രമം നടന്നത്. പെൺകുട്ടി ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ടാണ് പ്രതികൾ ആക്രമണത്തിന് ശ്രമിച്ചത്. പെൺകുട്ടി നടന്നുവരുമ്പോൾ സമീപത്ത് ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് തടയുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി ഓടുമ്പോഴും ഇവർ പിന്നാലെ പാഞ്ഞിരുന്നു. എന്നാൽ കുട്ടി സമീപത്ത് കണ്ട വീടിലേക്ക് ഓടിക്കയറിയത് രക്ഷയായി.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ഓടികയറിയ വീട്ടുകാരോട് സംഭവം പറയുകയും ആ വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മൂവർ സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർ പെൺകുട്ടിയെ പിൻതുടർന്ന ഓട്ടോ റിക്ഷയിൽ കയറിയാണ് രക്ഷപ്പെട്ടത്.