ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി





ഹൈക്കോടതി/ഫയല്‍
 

ചെന്നൈ : ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്‌ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരുതെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ചെന്നൈയിലെ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ പ്രചാരണ തത്പരനാണെന്നും വാര്‍ത്ത വരുത്തി സ്ഥാപനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്നയാളാണെന്നും ആരോപിച്ചാണ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.

പരിശോധനയ്ക്ക് എത്തുമ്പോള്‍ സ്വകാര്യ കാമറകള്‍ മാത്രമേ ഒപ്പം കൊണ്ടുവരാവൂ എന്ന് കോടതി നിര്‍ദേശിച്ചു. ഇതില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. മറ്റ് തരത്തിലുള്ള പ്രചാരണത്തിന് ഇവ ഉപയോഗിക്കുന്നത് കോടതി വിലക്കി.

പരിശോധനയ്ക്ക് എന്ന പേരില്‍ അടുക്കളയിലേക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരുമായി കടന്നുകയറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പരിശോധന മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ വേണമെന്ന് അവര്‍ പറഞ്ഞു.

أحدث أقدم