മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു


മൂന്നാർ : മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു. വനത്തിനകത്തെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവ മുങ്ങിമരിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. സാറ്റലൈറ്റ് കോളർ ഘടിപ്പിച്ച് ഈ മാസം ഏഴിനാണ് കടുവയെ കാട്ടില്‍ തുറന്ന് വിട്ടത്. കഴിഞ്ഞ ദിവസം കടുവയുമായിട്ടുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇടുക്കി മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ നിരവധി വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ച് കൊന്ന് നാട്ടില്‍ പരിഭ്രാന്തി പരത്തിയ കടുവ കഴിഞ്ഞ മൂന്നാം തീയതി രാത്രിയിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ദിവസങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് കടുവയെ കാട്ടില്‍ തുറന്നു വിട്ടത്. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ ജീവിക്കാന്‍ ആകുമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തുറന്നുവിട്ടത്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

أحدث أقدم