അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍മകളും മരുമകനും പിടിയില്‍







ഏറ്റുമാനൂര്‍: അമ്മ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മകളെയും മരുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറം ഭാഗത്ത് ഠഇ 21/635 വീട്ടില്‍ കല മകന്‍ കിരണ്‍ രാജ് (26), കിരണിന്റെ ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരില്‍ ഓണാവധിക്ക് വന്നപ്പോഴാണ് സ്വര്‍ണ്ണാഭരണം മോഷ്ടിച്ചത്. ഐശ്വര്യയുടെ അമ്മ പാലക്കാട് ജോലിക്ക് പോയ സമയത്ത് ഐശ്വര്യയും കിരണും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവുമായി ഭര്‍ത്തൃഗൃഹമായ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. 

പാലക്കാട് നിന്നും തിരിച്ചെത്തിയ അമ്മ താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം അടങ്ങിയ പെട്ടി കാണാനില്ലെന്ന് മനസ്സിലാക്കി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത സമയത്ത് ഐശ്വര്യ തന്റെ അച്ഛന്‍ സ്വര്‍ണം എടുക്കാന്‍ സാധ്യതയുണ്ടെ ന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 
പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവില്‍ സ്വര്‍ണ്ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഐശ്വര്യയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 10 പവന്‍ സ്വര്‍ണത്തില്‍ അഞ്ച് പവന്‍ മുക്കുപണ്ടമാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. 

അപ്പോഴാണ് യുവതി മോഷ്ടിച്ച സമയത്ത് അതിലിരുന്ന 5 പവന്‍വരുന്ന മാലയെടുത്ത് പണയം വെക്കുകയും, പകരമായി അഞ്ചു പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം ബോക്‌സില്‍ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞത്. 
ഐശ്വര്യയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്ന സ്വര്‍ണമാണ് മൂത്ത മകളായ ഐശ്വര്യ അപഹരിച്ചുകൊണ്ട് പോയത്. 

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്‌ഐ സ്റ്റാന്‍ലി, എഎസ്‌ഐ അംബിക, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി പി.സി, സൈഫുദ്ദീന്‍, മനോജ് കെ.പി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി

أحدث أقدم