കാമുകി നല്‍കിയ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവം; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി


 





തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹ മരണത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടി. 

ഷാരോണ്‍ രാജിന് വിഷം നല്‍കിയെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു. 

ഈ മാസം 25നാണ് ഷാരോണ്‍ മരിച്ചത്. റെക്കോര്‍ഡ് ബുക്ക് തിരിച്ചു വാങ്ങാനായി ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തുകയായിരുന്നു. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയതിന് ശേഷം വീടിന് അകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയത് എന്ന് റെജിന്‍ പറയുന്നു. 

കാമുകി നല്‍കിയ ജ്യൂസും കഷായവും കുടിച്ചതിന് ശേഷമാണ് റെജിന്‍ ഛര്‍ദ്ദിച്ചത്. മറ്റൊരാളുമായി ഉറപ്പിച്ച വിവാഹം നടക്കാന്‍ ഷാരോണിനെ വിഷം കൊടുത്ത് കൊന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. മകന് മുന്‍പും ഇതേ ജ്യൂസ് പെണ്‍കുട്ടി നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛന്‍ ആരോപിക്കുന്നു. ഇത്തവണ വിഷത്തിന്റെ അളവ് കൂട്ടിയതാവാം എന്നാണ് ഇദ്ദേഹം പറയുന്നത്. 

പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാനാണ് ഷാരോണിന്റെ കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
أحدث أقدم