യു.കെ.: ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം വെള്ളിയാഴ്ച്ചയോടെ പിന്‍വലിക്കുമെന്നാല്‍ പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പൗണ്ടിന്റെ വില വീണ്ടും കൂപ്പുകുത്തി. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വിപണി തകര്‍ന്നതോടെകഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി രാജ്യത്തിന്റെ ബോണ്ട് വിപണിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സഹായിക്കുന്നുണ്ടായിരുന്നു.
ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് വാഷിംഗ്ടണില്‍ സംസാരിക്കവെയാണ്, തകര്‍ന്ന് കിടക്കുന്ന പെന്‍ഷന്‍ ഫണ്ടിനെ സഹായിക്കുന്നത് ഈ ആഴ്ച്ചക്ക് അപ്പുറം പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സഹായം സ്വീകരിക്കുന്ന എല്ലാ ഫണ്ടുകള്‍ക്കും അതിന് ഉത്തരവാദിത്തമുള്ളവര്‍ക്കും സ്വയം വഴികള്‍ കണ്ടെത്താന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പെന്‍ഷന്‍ ഫണ്ടിന് നല്‍കിവരുന്ന സഹായം ഈ മാസം അവസാനം വരെയെങ്കിലും, സാധ്യമെങ്കില്‍ അതിനു ശേഷവും തുടരണമെന്ന മുറവിളി ഉയരുന്നതിനിടയിലാണ് ഗവര്‍ണറുടെ ഈ പ്രഖ്യാപനം വന്നത്. പെന്‍ഷന്‍സ് ആന്‍ഡ് ലൈഫ്‌ടൈം സേവിംഗ്‌സ് അസ്സോസിയേഷന്‍ പറയുന്നത് ഈ സഹായം ഉടനടി നിര്‍ത്തലാക്കരുതെന്നാണ്. ഗവര്‍ണറുടെ ഈ പ്രഖ്യാപനം വന്നതോടെ പൗണ്ടിന്റെ വില 1.10 ഡോളറിനു താഴെയായി കുറഞ്ഞു. ഒരു പൗണ്ടിന് 1.1178 ഡോളര്‍ ഉണ്ടായിരുന്നത് ഒറ്റയടിക്ക് കുറഞ്ഞ് 1.0969 ഡോളറായി.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെത് സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ പ്രവര്‍ത്തനം മാത്രമായിരുന്നു എന്നും അത് ഒരു സാമ്പത്തിക നയത്തിന്റെ ഭാഗമല്ലെന്നും, താത്ക്കാലികം മാത്രമായിരുന്നു എന്നുമാണ് ബെയ്‌ലി പറഞ്ഞത്. 30 വര്‍ഷത്തെ ഗില്‍റ്റുകള്‍ 5 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നതോടെ ബാങ്ക് കൈക്കൊണ്ട ഒരു അടിയന്ത്രര നടപടി മാത്രമായിരുന്നു അതെന്നും ബെയ്‌ലി പറഞ്ഞു. എന്നാല്‍, നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദെഹം തുടര്‍ന്നു.
അതേസമയം ബെയ്‌ലിയുടെത് ആശയവിനിമയത്തില്‍ വന്ന മറ്റൊരു പിഴവാണ് എന്നായിരുന്നു ബാങ്കിന്റെ ഇന്ററസ്റ്റ് റേറ്റ് സെട്ടിംഗ് മോണിറ്ററി പോളിസി കമ്മിറ്റി മുന്‍ അംഗം ആന്‍ഡ്രൂ സെന്റന്‍സിന്റെ പ്രതികരണം. ബെയ്‌ലിയുടെ പ്രതികരണം, ബെയ്‌ലിയുടെ തന്നെ ഭാവിയെ സംശയത്തില്‍ ആക്കിയിരിക്കുകയാണെന്നായിരുന്നു ഇതേ കമ്മിറ്റിയിലെ മറ്റൊരു മുന്‍ അംഗമായ ഡാനി ബ്ലാഞ്ച് ഫ്‌ളവര്‍ പ്രതികരിച്ചത്. ഇനിയും സഹായത്തിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇറങ്ങേണ്ടി വന്നാല്‍, ബെയ്‌ലിയുടെ പ്രതിഛായ ഒരു വിഢിയുടേതായിരിക്കുമെന്നും അദ്ദെഹം പറഞ്ഞു. വാന്‍ഡ റിസര്‍ച്ചിലെ ഗ്ലോബല്‍ മാക്രോ സ്ട്രാറ്റജിസ്റ്റായ വിരാജ് പട്ടേലും ബെയ്‌ലിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ടിന്റെ പിന്താങ്ങാന്‍ എടുത്ത തീരുമാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെതല്ലെന്നും, അവര്‍ക്ക് വേണ്ടി വിപണി കൈക്കൊണ്ട തീരുമാനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് തന്റെ വികസന മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതു വരെയെങ്കിലും ഈ സഹായം നീട്ടിക്കൊണ്ടു പോകണം എന്നാണ് വ്യാവസായിക സംഘടനകളും ആവശ്യപ്പെടുന്നത്.