ബലാത്സംഗ കേസില്‍ ഹര്‍ജിക്കൊപ്പം അധിക്ഷേപാര്‍ഹമായ ചിത്രങ്ങള്‍; അഭിഭാഷകനു പിഴയിട്ട് കോടതി


മുംബൈ: ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം അധിക്ഷേപാര്‍ഹമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ബോംബെ ഹൈക്കോടതി അഭിഭാഷകന് 25,000 രൂപ പിഴയിട്ടു. വിവേചന ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഭര്‍ത്താവിന് എതിരായ ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇതിനൊപ്പം തെളിവായി സമര്‍പ്പിച്ച ചിത്രങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്.

രജിസ്ട്രിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ വിവിധ വകുപ്പുകളിലൂടെ കടന്നുപോവുന്നുണ്ടെന്ന് അഭിഭാഷകര്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. നിരവധി പേര്‍ ഈ ഫോട്ടോഗ്രാഫുകള്‍ കാണും. അതുവഴി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യതയാണ് ഹനിക്കപ്പെടുന്നത്. ഹര്‍ജിയില്‍നിന്നു ഫോട്ടോകള്‍ നീക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി.

അഭിഭാഷകരുടെ ഭാഗത്തുനിന്നു കുറെക്കൂടി വിവേകത്തോടെയുള്ള പെരുമാറ്റം കോടതി പ്രതീക്ഷിക്കുന്നതായും ബെഞ്ച് പറഞ്ഞു.


أحدث أقدم