ഒളിവിലിരുന്ന് പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പരാതിക്കാരി


പെരുമ്പാവൂര്‍:  പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കേസില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു. എല്‍ദോസ് കുന്നപ്പിള്ളില്‍ പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎല്‍എ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കി. കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും നാളെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.  അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ നിയമനടപടി നേരിടണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കേസില്‍ സ്പീക്കര്‍ക്ക് പ്രത്യേക റോള്‍ ഇല്ല എന്നും എ എന്‍ ഷംസീര്‍ പ്രതികരിച്ചു. ലൈംഗിക ആരോപണ കേസില്‍ എല്‍ദോസ് കുന്നപ്പിളിലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. എല്‍ദോസിനെ കണ്ടുപിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. പരാതിയില്‍ കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കും എല്‍ദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നല്‍കിയിരുന്നു. ഈ മൂന്നുപേരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണസംഘം ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ പോകുന്നു എന്നാണ് വിവരം.

أحدث أقدم