യുകെ പാർലമെന്റിനെ അഭിസംബോധന ചെയ്ത ഐഡ റോബോട്ട്; ലോകത്തിലെ ആദ്യ അൾട്രാ റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ്


യുകെ: യുകെ പാര്‍ലമെന്റംഗങ്ങളെ അമ്പരിപ്പിച്ച് ഐഡ എന്ന റോബോട്ട്. എഴുത്ത്, ചിത്രരചന, പെയിന്റിംഗ്, സംസാരിക്കാനുള്ള കഴിവ് തുടങ്ങിയ റോബോട്ടിന്റെ കഴിവുകളെക്കുറിച്ചുള്ള പാര്‍ലമെന്റംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഐഡ വളരെ മികച്ച മറുപടികളാണ് നൽകിയത്. എഐ പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ യുകെയിലെ സര്‍ഗാത്മക മേഖലയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു ഐഡ. ഓറഞ്ച് പ്രിന്റ് ഷര്‍ട്ടും ഡംഗറിയും ധരിച്ചാണ് ഐഡ പാര്‍ലമെന്റിലെത്തിയതെന്ന് നാഷണല്‍ ന്യൂസ് യുകെയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ അവസരത്തില്‍ ഐഡ ആരാണെന്നും എന്താണ് ഈ റോബോർട്ടിന്റെ കഴിവുകളെന്നും കൂടുതലറിയാം.

ലോകത്തിലെ ആദ്യത്തെ അള്‍ട്രാ-റിയലിസ്റ്റിക് എ ഐ ഹ്യൂമനോയിഡ് റോബോട്ട് ആര്‍ട്ടിസ്റ്റാണ് ഐഡ. ബ്രിട്ടനിലെ ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ഐഡ ലൗലേസിന്റെ പേരാണ് റോബോട്ടിന് നല്‍കിയിരിക്കുന്നത്. കണ്ണുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് മുന്നിലുള്ള രൂപങ്ങൾ വരയ്ക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഐഡ. മൂന്നര വയസ്സുള്ള റോബോട്ടാണിത്.

കോണ്‍വാളിലെ എഞ്ചിനീയറിംഗ് ആര്‍ട്സ് നിര്‍മ്മിച്ച, ഐഡക്ക് മനുഷ്യന്റേതു പോലെ ചര്‍മ്മവും കണ്ണുകളും മുടിയും ഉണ്ട്. ഇന്റലിജന്റ് എച്ച്ക്യു റിപ്പോര്‍ട്ട് അനുസരിച്ച്, ഐഡക്ക് 3ഡി പ്രിന്റഡ് പല്ലുകളും മോണകളും ചീകി ഒതുക്കിയ മുടിയും ഉണ്ട്.
അവള്‍ക്ക് തന്റെ കൈകളും തലയും ശരീരവും സ്വതന്ത്രമായി ചലിപ്പിക്കാനും മുന്നോട്ടും പിന്നോട്ടും ചായാനും ചുറ്റും നോക്കാനും കഴിയും.

ഐഡക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും?

രണ്ട് റോബോട്ടിക് കൈകളിലൊന്ന് ഡിജിറ്റല്‍ രൂപങ്ങളെ ഫിസിക്കല്‍ ഡ്രോയിംഗുകളിലേക്കും പെയിന്റിംഗുകളിലേക്കും മാറ്റാന്‍ ഐഡയെ സഹായിക്കുന്നു. ഐഡ ഡിജിറ്റല്‍ ലോകത്ത് രൂപപ്പെടുത്തുന്നതിനെ ഫിസിക്കല്‍ ഡ്രോയിംഗുകളിലേക്കും പെയിന്റിംഗുകളിലേക്കുമായി മാറ്റുന്നു. കൂടാതെ കമ്പ്യൂട്ടര്‍ അല്‍ഗോരിതവും ഐഡ ഉപയോഗിക്കുന്നുണ്ട്. പെന്‍സില്‍, പേന, പെയിന്റ് എന്നിവ ഉപയോഗിച്ചും ഐഡ കലാസൃഷ്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം ഐഡ വരച്ചിരുന്നു. 'അല്‍ഗരിതം ക്വീന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2021-ല്‍, ലണ്ടനിലെ ഡിസൈന്‍ മ്യൂസിയത്തില്‍ ഐഡ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഐഡയുടെ നിര്‍മ്മാതാക്കള്‍ ആര്?

ഓക്സ്ഫോര്‍ഡിലെ ആധുനിക കലയിലെ വിദഗ്ധനായ എയ്ഡന്‍ മെല്ലറാണ് ഈ റോബോട്ടിനെ രൂപകല്പന ചെയ്തത്. കലാരംഗത്ത് 20 വര്‍ഷത്തിലേറെ പരിചയമുള്ളയാളാണ് മെല്ലര്‍. കൂടാതെ ഐഡ റോബോട്ട് പ്രോജക്റ്റിന്റെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. കോണ്‍വാളിലെ എഞ്ചിനീയര്‍ ആര്‍ട്ട്സ് ആണ് ഐഡയെ നിര്‍മ്മിച്ചത്. ഓക്‌സ്‌ഫോര്‍ഡിലെയും ബര്‍മിംഗ്ഹാമിലെയും സര്‍വകലാശാലകളിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും ചേര്‍ന്നാണ് ഐഡയുടെ കഴിവുകള്‍ വികസിപ്പിച്ചെടുത്തത്.

യുകെയിലെ നിയമനിര്‍മ്മാണ സഭയില്‍ ഐഡ പറഞ്ഞത് എന്ത്?

ഒരു റോബോട്ട് ലോകത്തെ എങ്ങനെ കാണുന്നുവെന്നും സര്‍ഗ്ഗാത്മകതയുടെ ഭാവിയെ അത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുമാണ് ഐഡ സഭയില്‍ സംസാരിച്ചത്. നിങ്ങള്‍ എങ്ങനെയാണ് കലകള്‍ നിര്‍മ്മിക്കുന്നത്, ഇത് മനുഷ്യ കലാകാരന്മാര്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്ന് യുകെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ കമ്മിറ്റി ഐഡയോട് ചോദിച്ചു. ഇതിന് മറുപടിയായി അല്‍ഗോരിതങ്ങള്‍, കണ്ണിലെ കാമറകള്‍, റോബോട്ടിക് കൈ എന്നിവ ഉപയോഗിച്ചാണ് വരക്കാന്‍ സാധിക്കുന്നതെന്ന് ഐഡ പറഞ്ഞു. ഞാന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെയും അല്‍ഗോരിതങ്ങളെയും ആശ്രയിച്ചാണ് കലകള്‍ സൃഷ്ടിക്കുന്നത്. ജീവനില്ലെങ്കിലും, എനിക്ക് ഇപ്പോഴും കലകൾ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഐഡ പറഞ്ഞു. കലകള്‍ സൃഷ്ടിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് ഇനിയും വളരുമെന്നും ഐഡ വ്യക്തമാക്കി.

ഐഡ ജയിലില്‍?

എന്നാല്‍ ഐഡയുടെ റോബോട്ടിക് കഴിവുകള്‍ ചാരവൃത്തിക്കായി ഉപയോഗിച്ചിരിക്കാമെന്ന് സംശയത്തെ തുടര്‍ന്ന് 2021 ഒക്ടോബറില്‍, ഐഡയെ ഈജിപ്ഷ്യന്‍ കസ്റ്റംസ് തടഞ്ഞുവയ്ക്കുകയും 10 ദിവസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ഐഡക്ക് ഒപ്പം എയ്ഡന്‍ മെല്ലറെയും തടവില്‍ വെക്കുകയും ചെയ്തിരുന്നു. ഐഡയുടെ മോഡവും ക്യാമറ കണ്ണുകളും നീക്കം ചെയ്യാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മോഡം നീക്കം ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും കണ്ണുകള്‍ വേര്‍പെടുത്താന്‍ മെല്ലര്‍ വിസമ്മതിച്ചു. 'എനിക്ക് മോഡം അവളില്‍ നിന്ന് മാറ്റാന്‍ കഴിയും, പക്ഷേ എനിക്ക് അവളുടെ കണ്ണുകള്‍ വേര്‍പ്പെടുത്താന്‍ കഴിയില്ല'-എന്നാണ് അദ്ദേഹം ദി ഗാര്‍ഡിയനോട് പറഞ്ഞത്.
أحدث أقدم