ഇന്ത്യക്കാരനോ ഇന്ത്യൻ വംശജനോ? ഇന്ത്യക്കാരുടെ ആരാണ് ഋഷി സുനക്? കുടുംബത്തിൻ്റെ ചരിത്രം ഇങ്ങനെ


ലണ്ടൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാൻ കഴിയാതെ ലിസ് ട്രസ് രാജി വെച്ചതോടെ യുകെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുകായാണ് ബ്രിട്ടീഷ് കൺസ‍ർവേറ്റീവ് പാർട്ടി നേതാവ് ഋഷി സുനക്. ഒരു നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ ഒരു ഇന്ത്യക്കാരൻ ഭരിക്കുന്നു എന്ന രീതിയിലാണ് പലരുടെയും ആഘോഷങ്ങൾ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നേതാവ് എന്ന രീതിയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ അടക്കം ഋഷി സുനകിൻ്റെ നേട്ടത്തെ പുകഴ്ത്തുന്നത്. മുൻപ് യുഎസ് വൈസ് പ്രസിഡൻ്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കണ്ട അതേ കാഴ്ചയാണ് ഇന്ത്യയിൽ ഇന്ന്. എന്നാൽ ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ മാത്രം 'ഇന്ത്യക്കാരനാണോ' ഋഷി സുനക് എന്നതാണ് വലിയ ചോദ്യം. മുൻപ് യുകെയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനക് യുകെയിലെ സതാംപ്ടണിലാണ് ജനിച്ചത്. ഇന്ത്യൻ വംശജൻ എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും സുനകിൻ്റെ അച്ഛനോ അമ്മയോ ജനിച്ചത് ഇന്ത്യയിലല്ല. ഋഷി സുനകിൻ്റെ അച്ഛൻ യശ്വീർ സുനക് ജനിച്ചത് ആഫ്രിക്കൻ രാജ്യമായ കെനിയയിലായിരുന്നു. അമ്മ ഉഷ സുനക് ആകട്ടെ ജനിച്ചത് ടാൻഗനൈക എന്ന ആഫ്രിക്കൻ രാജ്യത്താണ്. ഇന്ന് ടാൻസാനിയയുടെ ഭാഗമാണ് ഇവിടം.. 1960കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേയ്ക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം.


ഋഷി സുനകിൻ്റെ അച്ഛൻ്റെ പിതാവ് റാംദാസ് സുനക് ജനിച്ചത് പഞ്ചാബിലെ ഗുർജൻവാലാ എന്ന സ്ഥലത്തായിരുന്നു. ഇന്ന് പാകിസ്ഥാൻ്റെ ഭാഗമാണ് ഈ മേഖല. റാംദാസ് സുനകിൻ്റെ ഭാര്യയും ഋഷി സുനകിൻ്റെ മുത്തശ്ശിയുമായ സുഹഗ് റാണി സുനക് ഡൽഹിക്കാരിയായിരുന്നു. ഇരുവരും ചേർന്ന് 1937ലാണ് നയ്റോബിയിലേയ്ക്ക് താമസം മാറിയത്. അമ്മയുടെ കുടുംബത്തിലാകട്ടെ മുത്തച്ഛനായ രഘുബീർ സെയ്ൻ ബെരി ടാൻഗനൈകയിൽ ഒരു ടാക്സ് ഓഫീസർ ആയിരുന്നു. ഇവിടെ തന്നെ ജനിച്ച സ്രാക്ഷ എന്ന 16കാരിയെയായാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ടായി. തുടർന്ന് കുടുംബം 1966ൽ യുകെയിലേയ്ക്ക് കുടിയേറുകയായിരുന്നു. യുകെയിൽ എത്തിയ രഘുബീർ നികുതി വകുപ്പിലാണ് ജോലി നേടിയത്.

യുകെയിൽ ഒരു ഡോക്ടറായിരുന്നു ഡോക്ടറായിരുന്നു ഋഷി സുനകിൻ്റെ അച്ഛൻ യശ്വീർ. അമ്മ ഉഷ സുനക് ആകട്ടെ ഒരു ഫാർമസിസ്റ്റും. സുനക് ഫാർമസി എന്ന സ്ഥാപനവും ഇവർക്ക് സതാംപ്ടണിൽ ഉണ്ടായിരുന്നു. 1977ൽ യുകെയിൽ വെച്ചു തന്നെയായിരുന്നു ഇരുവരുടെയും വിവാഹം.

കുടുബമാണ് തൻ്റെ എല്ലാം എന്നായിരുന്നു ഋഷി സുനക് ഒരു അഭിമുഖത്തിൽ പറഞ്ഞത്. പല രാജ്യങ്ങളിലായി വേരുകളുള്ള കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നുമുണ്ട്. ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഋഷി സുനക് അടിയുറച്ച ഹിന്ദു വിശ്വാസിയുമാണ്.

അതേസമയം, ഋഷി സുനകിൻ്റെ ഇന്ത്യൻ ബന്ധം ഇതുകൊണ്ടും തീരുന്നില്ല. ഇന്ത്യൻ ശതകോടീശ്വരനും ഇൻഫോസിസ് സ്ഥാപനകനുമായി എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻ്റെ ഭാര്യ. ഇവർ ഇപ്പോഴും ഇന്ത്യൻ പൗരയാണെന്നാണ് രേഖകൾ. ഭാര്യയുടെ മാതാപിതാക്കളെയും കുടുംബത്തെയും സന്ദ‍ർശിക്കാനായി ഋഷി സുനക് ഇടയ്ക്ക് ബെംഗളൂരുവിൽ എത്താറുമുണ്ട്. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾക്കും കുടുംബം മുൻപന്തിയിലുണ്ട്.
أحدث أقدم