കല്‍പ്പറ്റ: ചീരാലില്‍ കാടിറങ്ങിയ കടുവയുണ്ടാക്കിയ പൊല്ലാപ്പ് അവസാനിപ്പിച്ചതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും നാട്ടിലിറങ്ങി വിലസുകയാണ് മറ്റൊരു കടുവ. മീനങ്ങാടി പഞ്ചായത്തിലും അമ്പലവയല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലുമാണ് മാസങ്ങളായി കടുവ ജനവാസ പ്രദേശങ്ങളിലേക്കെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി പരാതിയുള്ളത്. കൂടുവെച്ച് വനംവകുപ്പ് കാത്തിരിപ്പാണെങ്കിലും പിടിതരാതെ വിലസുകയാണ് കടുവ.
ഇതിനിടെ കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരുടെ മുമ്പിലേക്ക് കടുവ ചാടിയതോടെയാണ് ഏത് മാര്‍ഗ്ഗമുപയോഗിച്ചും കടുവയെ പിടികൂടണമെന്ന് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നാല് കൂടുകള്‍ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നൂറുപേരടങ്ങുന്ന സംഘം വ്യാപകമായി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച റാട്ടക്കുണ്ടിലാണ് നാലാമതൊരു കൂടുകൂടി വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്.
ജനവാസമേഖലയായ കൃഷ്ണഗിരി, മേപ്പേരിക്കുന്ന്, റാട്ടക്കുണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ മൂന്നാഴ്ചയിലേറെയായി കടുവപ്പേടിയിലാണ് കഴിയുന്നത്. അഞ്ച് ആടുകളെയാണ് കടുവ ഇതുവരെ വകവരുത്തിയത്. ഒരെണ്ണത്തിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അടുത്തടുത്ത പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ കടുവ പ്രത്യക്ഷപ്പെട്ടതോടെയാണ് നൂറുപേരടങ്ങുന്ന വനപാലകസംഘം തിരച്ചില്‍ നടത്തിയത്. തിരച്ചിലിലും കടുവയെ കണ്ടെത്താനാകാതെ വന്നതോടെയാണ് നാലാമതൊരു കൂട് റാട്ടക്കുണ്ടില്‍ സ്ഥാപിച്ചത്. മുണ്ടനടപ്പ് എസ്റ്റേറ്റിലും കൃഷ്ണഗിരി പാതിരിക്കവലയിലുമാണ് നേരത്തേ കൂടുകള്‍ വെച്ചിട്ടുള്ളത്.
ശനിയാഴ്ച പുലര്‍ച്ചെ റാട്ടക്കുണ്ട് പാറ്റേലില്‍ ഏലിയാസിന്റെ വീടിനു പിറകില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും സമീപ പ്രദേശങ്ങളില്‍ പോലും കടുവയെ കണ്ടെത്താനായില്ല. കടുവസാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊളഗപ്പാറമലയിലേക്കുള്ള ട്രക്കിങ് പോലീസ് നിരോധിച്ചു. മലയടിവാരത്തിലും മറ്റും മലകയറുന്നത് വിലക്കിയുള്ള നോട്ടീസ് പതിച്ചു. വയനാട്ടുകാര്‍ക്ക് പുറമെ ഇതരജില്ലകളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ വന്നുപോകുന്ന ഇടമാണ് കൊളഗപ്പാറ കുരിശുമല.
നിറയെ പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും നിറഞ്ഞ ഭാഗത്തുകൂടിയുള്ള യാത്ര അപകടമാണെന്ന് കണ്ടാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭാഗത്ത് കടുവ സ്ഥിരം താവളമാക്കാന്‍ സാധ്യതയേറെയാണെന്നാണ് നിഗമനം. പകല്‍സമയങ്ങളില്‍ ഇത്തരത്തില്‍ എവിടെയെങ്കിലും മറഞ്ഞിരുന്ന് ഇരുട്ട് വീണാല്‍ ജനവാസപ്രദേശങ്ങളിലേക്ക് എത്തുകയാണ് കടുവയെന്നാണ് നാട്ടുകാരുടെ അഭിപ്രായം.