മന്ത്രവാദികൾക്ക് എന്തിനാണ് മനുഷ്യന്റെ വൃക്കയും കക്കും കരളും?


വെബ് ടീം :  മനുഷ്യരൂപമുണ്ടാക്കി അത് ശത്രുവെന്ന് സങ്കൽപ്പിച്ച് തലയിലോ നെഞ്ചിലോ ആണിയടിച്ചു കയറ്റും. മന്ത്രവാദം ചെയ്യിക്കുന്നയാൾ ഇങ്ങനെ താൻ ചെയ്യുന്നുണ്ട് എന്ന കാര്യം ശത്രുവിനെ അറിയിക്കും. ശത്രു വിശ്വാസമുള്ളയാളാണെങ്കിൽ അതിൽ വീഴുമെന്നതിൽ സംശയിക്കേണ്ട. അയാൾ മാനസികമായി തകരും. താൻ മരിക്കാൻ പോകുകയാണെന്ന് നിശ്ചയിക്കും. ദുർബലഹൃദയരായവർ മരണത്തിന് കീഴടങ്ങിയേക്കാനും മതി. മനസ്സിനെ കൊന്നാൽ ബാക്കിയെല്ലാം എളുപ്പമാണ്. മന്ത്രവാദം ഫലിക്കു എന്നൊരാൾ പറയുന്നുവെങ്കിൽ അയാൾ മന്ത്രവാദത്തിന് വഴങ്ങാൻ തയ്യാറുള്ളയാളാണ് എന്നും അർത്ഥമുണ്ട്.


മന്ത്രവാദത്തിന് ഇനിയും പല വിതാനങ്ങളുണ്ട്. യഥാർത്ഥ ശത്രുവിനെ നേരിട്ട് കൊല ചെയ്താലുണ്ടാകുന്ന നിയമപരമായ അനന്തരഫലങ്ങളെ പേടിക്കുന്നവരാണ് മരംകൊണ്ടോ ലോഹം കൊണ്ടോ രൂപമുണ്ടാക്കി സാങ്കൽപ്പിക കൊലപാതകം നടത്തുന്നത്. കുറെക്കൂടി കടന്ന് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരാണെങ്കിൽ സാമൂഹികമായും സാമ്പത്തികമായും ദുർബലരായ ഇരകളെ കണ്ടെത്തും. അവരെ കൊല ചെയ്യും. അവരുടെ കക്കും കരളുമെടുക്കും. അതിൽ ആഭിചാരം നടത്തും. എല്ലാ മന്ത്രവാദവും ശത്രുദോഷത്തിനല്ല. പത്തനംതിട്ടയിലെ മന്ത്രവാദം ഐശ്വര്യ ലബ്ധിക്കായിരുന്നു.

കക്കും കരളും വൃക്കയും മന്ത്രവാദത്തിൽ

കേരളത്തിലെ ഒരു ദേവതയെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്: പുലികണ്ഠനും, പുള്ളിക്കരിങ്കാളിയുമെന്ന രണ്ടുപേർ. ഇവർക്ക് പുള്ളിക്കരിങ്കാളി താതനാർ കല്ലിന്റെ തായ്മടയിൽ കണ്ടപ്പുലിയൻ, മാരപ്പുലിയൻ, കാളപ്പുലിയൻ, പുലിമാരുതൻ, പുലിയൂർ കണ്ണൻ എന്നിങ്ങനെ അഞ്ച് ആൺപുലി മക്കൾ. ഒരു പെൺകുട്ടിയെ കിട്ടിയില്ല പുള്ളിക്കരിങ്കാളിക്ക്. അവളുടെ സ്വപ്നത്തിൽ ദേവത വന്ന് ചോദിച്ചു 'മകൾ ജനിച്ചാൽ നിങ്ങൾ എന്താണ് അവൾക്ക് കൊടുക്കുക?' 'എനിക്കുള്ളതെല്ലാം അവൾക്ക് കൊടുക്കും' എന്ന് പുള്ളിക്കരിങ്കാളി. പരീക്ഷിക്കാനായി ദേവി പുള്ളിക്കരിങ്കാളിക്ക് ഗർഭസ്ഥശിശുവായി അവതരിച്ചു. ഗർഭിണിയായ പുള്ളിക്കരിങ്കാളി വിശപ്പ് സഹിക്കാതെ തളർന്നു. പുലിമക്കൾ പശുക്കളെ തേടി പുറപ്പെട്ടു. കുറുമ്പ്രാന്തിരി വാഴുന്നവരുടെ തൊഴുത്ത് തകർത്ത് പശുക്കളെ കൊന്ന് കക്കും, കരളും, അവത്തിറച്ചിയും പുള്ളിക്കരിങ്കാളിക്ക് കൊണ്ടുകൊടുത്തു.

കക്കിനും കരളിനും നമ്മുടെ ആചാരങ്ങളിൽ വലിയ സ്ഥാനം എന്നുമുണ്ടായിരുന്നു. സാധാരണ ആചാരങ്ങളിൽ മനുഷ്യർ ഭക്ഷിക്കുന്ന മൃഗങ്ങളുടെ പണ്ടങ്ങളാണ് നേദിക്കുക. അതിൽ അതിശയമൊന്നും ഇല്ല. എല്ലാക്കാലത്തും മനുഷ്യർ അവർ കഴിക്കുന്ന ഭക്ഷണമാണ് ദേവതകൾക്ക് നിവേദിച്ചിരുന്നത്. മനുഷ്യർ മൃഗങ്ങളെ ഭക്ഷിച്ചിരുന്ന കാലത്ത് അവയെ ദേവതകൾക്കും ഭക്ഷിക്കാൻ കൊടുക്കുന്നുവെന്നു മാത്രം. പിൽക്കാലത്ത് ബ്രാഹ്മണമതം ശക്തിപ്പെട്ടപ്പോഴും ഇത്തരം നിവേദ്യങ്ങൾ നിലനിനനിരുന്നുവെന്ന് ചരിത്രം പറയുന്നു. എന്നാൽ പിന്നീട് ബ്രാഹ്മണർ മാംസാഹാരം ഭക്ഷിക്കുന്നത് അവസാനിപ്പിച്ചതോടെ സ്ഥിതി മാറി. അവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും അവർ സ്വന്തം ഭക്ഷണങ്ങൾ നിവേദ്യങ്ങളാക്കിത്തുടങ്ങി. എങ്കിലും ഇന്നും ബ്രാഹ്മണേതര ക്ഷേത്രങ്ങളിൽ മാംസം നിവേദിക്കുകയും മറ്റും ചെയ്തുവരുന്നുണ്ട്.

ഈ നിവേദ്യ രീതികൾ നിര്‍ദ്ദോഷങ്ങളാണ്. ദുർമന്ത്രവാദങ്ങളിലേക്ക് വരുമ്പോഴാണ് മനുഷ്യരുടെ കരളും വൃക്കയുമൊക്കെ നേദിക്കപ്പെടുന്നത്. അതിനെ വേറിട്ടു തന്നെ കാണണം.

ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലുമെല്ലാം മന്ത്രവാദമുണ്ട്. ഇതിന് മുഖ്യധാരാ മതശാസനങ്ങളുമായി വലിയ ബന്ധമുണ്ടാകണമെന്നില്ല. മുസ്ലിങ്ങൾക്കിടയിലെ മന്ത്രവാദത്തെക്കുറിച്ച് ശബാബ് ആഴ്ചപ്പതിപ്പിൽ ശംസുദ്ദീൻ പാലക്കോട് എഴുതിയ ലേഖനം 2014 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ നടന്ന ആഭിചാരക്രിയകളുടെ ഭാഗമായി ഫസീന, ഫർസാന, ശകുന്തള എന്നീ സ്ത്രീകൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രവാദത്തെ ഒരു ചികിത്സാ രീതിയായി അവതരിപ്പിക്കുന്ന ചില പണ്ഡിതവേഷക്കാരുണ്ട്. അവർ നിരവധി പേരെയാണ് കൊലയ്ക്ക് കൊടുക്കാറുള്ളത്. ഇതിൽ ഏറെയും ഇരകളാക്കപ്പെടുന്നത് കുഞ്ഞുങ്ങളാണ് എന്നതും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയിൽ ഇന്നും സാധാരണമാണ് ബലി

നമ്മുടെ നാട്ടിൽ അടുത്തകാലത്തൊന്നും ആന്തരികാവയവങ്ങൾ ഉപയോഗിച്ചുള്ള മന്ത്രവാദം നടന്നിട്ടില്ല. അതുകൊണ്ടാണ് ഇതൊരു വലിയ വാർത്തയായത്. ഈ വാർത്ത വിദേശമാധ്യമങ്ങൾക്ക് വലിയ വാർത്തയായാൽപ്പോലും ഉത്തർപ്രദേശ് പോലുള്ള വളരാത്ത സമൂഹങ്ങളിൽ അതങ്ങനെയല്ല. 2020 നവംബറിൽ ഉത്തർപ്രദേശിൽ സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തി കുഞ്ഞിന്റെ കരൾ അപഹരിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് കുട്ടികളുണ്ടാകാത്തതിൽ പരിഹാരം തേടുകയായിരുന്നു മന്ത്രവാദി. ഒരു കുഞ്ഞിനെ കൊല ചെയ്ത് കരൾ അവർ വിശ്വസിക്കുന്ന ശക്തിക്ക് സമർപ്പിക്കുക എന്നതായിരുന്നു മന്ത്രവാദി നിശ്ചയിച്ച പരിഹാരം. പെൺകുഞ്ഞിനെയാണ് കൊല ചെയ്തത് എന്നതിൽ നിന്നു തന്നെ അതിന്റെ സാമ്പത്തികശാസ്ത്രം വായിച്ചെടുക്കാം. ആൺകുഞ്ഞിനെ ലഭിക്കാനാണ് ആഭിചാരം നടത്തിയത്.

ഈ ആഭിചാരം നടത്തിത്തന്നതിന് കൂലിയായി നാട്ടുകാരായ രണ്ട് ചെറുപ്പക്കാർക്ക് ദമ്പതികൾ നൽകിയത് ആയിരം രൂപയായിരുന്നു! മനുഷ്യജീവനെക്കാൾ വില അന്ധമായ വിശ്വാസങ്ങൾക്ക് നേടാൻ സാധിക്കുമ്പോൾ പലപ്പോഴും അതിന് ഇരയായിട്ടുള്ളത് കുഞ്ഞുങ്ങളാണ്. പെൺകുഞ്ഞുങ്ങളെ ബാധ്യതയായി കണക്കാക്കുന്ന ഉത്തരേന്ത്യൻ നാടുകളിൽ മന്ത്രവാദ കൊലപാതകങ്ങൾക്ക് അവർ ഇരയാകുന്നു.

ആൺകുട്ടികളും മന്ത്രവാദ കൊലപാതകങ്ങൾക്ക് ഇരയാകാറുണ്ട്. മധുരയിൽ 2013-ൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരുന്നു. കണ്ണിനൊപ്പം ചില ആന്തരിക അവയവങ്ങളും നഷ്ടപ്പെട്ടിരുന്നു. അത് മന്ത്രവാദമായിരുന്നു.

പത്തനംതിട്ടയിലെ ഇരട്ട നരബലിയിൽ ആദ്യ ഇരയ്ക്ക് നേരിട്ട് പീഢനങ്ങൾ കുറഞ്ഞുപോയെന്ന കാരണത്താൽ രണ്ടാം ഇരയ്ക്ക് കടുത്ത് പിഢനം നൽകിയതായി പ്രതികളുടെ മൊഴിയുണ്ട്. മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ശരീരത്തിൽ വരഞ്ഞ് പീഡിപ്പിക്കുന്ന രീതി ഇന്ത്യയിലും ഇതര നാടുകളിലും നിലവിലുള്ള ഒരു ആഭിചാരക്രിയയാണ്. പത്തനംതിട്ടയിൽ തന്നെ 2014-ൽ മരണപ്പെട്ട പതിനെട്ടുകാരിയുടെ ശരീരത്ത് നാൽപതോളം മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും മാറിലും കർപ്പൂരം വെച്ച് എരിയിച്ച പാടുകളുമുണ്ടായിരുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ നഷ്ടപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പിതാവടക്കം അടുത്ത ബന്ധുക്കളാണ് അസ്വഭാവിക മരണത്തിന് കാരണമെന്ന ആക്ഷേപമുയർന്നിരുന്നു.

അവയവ മ്യൂസിയം

ഇംഗ്ലണ്ടിലെ വിച്ച്ക്രാഫ്റ്റ് മ്യസിയത്തിൽ മന്ത്രവാദത്തിന്റെ ശേഷിപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ശരീരാവയവങ്ങൾ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്റെ നേരിട്ടുള്ള തെളിവുകൾ ഇവിടെ നിന്ന് ലഭിക്കും. ആഭിചാര ക്രിയകളിൽ ആരാധിച്ചു പോന്നിരുന്ന ദേവതകളുടെ രൂപങ്ങൾ മുതൽ വിവിധ ശരീരാവയവങ്ങൾ വരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ മ്യൂസിയത്തിന്റെ ഉദ്ഘാടന ദിവസം പോലും മന്ത്രവാദം നടത്തിയിരുന്നത്രേ. പുരാതന കാലത്ത് ആഭിചാര പ്രവൃത്തികൾ നടത്തിയിരുന്നത് എങ്ങനെയെന്നതിന്റെ നേർചിത്രവും മ്യൂസിയം സമ്മാനിക്കുന്നുണ്ട്. പേരുകേട്ട മന്ത്രവാദികൾ ഉപയോഗിച്ചുപോന്നിരുന്ന മാന്ത്രികവാൾ അടക്കമുള്ള നിരവധി വസ്തുക്കളും ഇവിടെയുണ്ട്. വിവിധ ആഭിചാരക്രിയകളുടെ ഭാഗമായി മുള്ളുകൾ പതിച്ച മൃഗങ്ങളുടെ കരൾ, കണ്ണ്, ഹൃദയം തുടങ്ങിയവ ഇന്നും അതേപടി സൂക്ഷിച്ചിരിക്കുന്നു.

കരളിന് പുറമേ വൃക്കകളും ആഭിചാരക്രിയകൾക്ക് ഉപയോഗിച്ച് പോന്നിരുന്നതായി ഗ്രീക്ക് കൃതികളിലുണ്ട്. ഇത് നൂറ്റാണ്ടുകളോളം ഒരു സാധാരണ പ്രവൃത്തിയായി അരങ്ങേറിയിരുന്നു. പ്രാർത്ഥനകളുടെ ഭാഗമായാണ് ദേവപ്രീതിക്കായി വൃക്കകൾ സമർപ്പിച്ചുപോന്നത്. പല ആഭിചാര ക്രിയകളിലും കരൾ ഭക്ഷിക്കുമായിരുന്നെങ്കിലും പൊതുവേ വൃക്കയെ ഭക്ഷ്യയോഗ്യമായി കരുതിയിരുന്നില്ല. മൂത്രം ഉത്പാദിപ്പിക്കുന്ന അവയവം എന്ന നിലയ്ക്ക് കൂടിയാണ് ഇവ ഭക്ഷ്യയോഗ്യമല്ലാതായത്.

ഒരു അവയവം കഴിക്കുമ്പോൾ ലഭിക്കുന്ന ശക്തി വഴി കഴിക്കുന്നയാൾക്ക് അഭൂതപൂർവ്വമായ ശക്തി ലഭിക്കുമെന്ന് വിശ്വസിച്ചു പോന്നു. ചില ചികിത്സാവിധികളുടെ ഭാഗമായി പോലും അവയവങ്ങൾ, പ്രത്യകിച്ച് വൃക്ക കഴിക്കാൻ നിർദ്ദേശിച്ചിരുന്നതായി ചരിത്ര രേഖകളുണ്ട്. കരളിനെ അപേക്ഷിച്ച് വൃക്ക കഴിച്ചാലുണ്ടാകുന്ന വായുസംബന്ധമായ പ്രശ്നങ്ങൾ, അവയനത്തിന്റെ ദുർഗന്ധം, അവയവം ശരീരത്തിനുള്ളിൽ നിർവ്വഹിക്കുന്ന കടമകൾ എന്നിവ കണക്കിലെടുത്താണ് വൃക്ക മന്ത്രവാദികളുടെ തീൻമേശയിൽ നിന്ന് പുറത്തായത്. വൃക്ക കഴിച്ചാൽ അത് ദഹനപ്രക്രിയയെ തകിടം മറിക്കും. പുറമേയുള്ള അവയവങ്ങളെ മുറിവേൽപ്പിക്കുമെങ്കിലും, ആന്തരിക അവയവങ്ങളെ ചുറ്റിപ്പറ്റിയാണ് അന്നും ഇന്നും മന്ത്രവാദികൾ വിശ്വസിച്ചുപോരുന്നത്. മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച്, ആഭിചാരം ചെയ്യുന്നയാൾക്ക് അമിതമായ ശക്തിയും സാമ്പത്തിക നേട്ടവും, ജീവിത വിജയവും പകരാൻ ആന്തരിക അവയവങ്ങൾ ഭക്ഷിക്കുന്നത് പ്രയോജനം ചെയ്യുമെന്നവർ മനസിനെ പറഞ്ഞ് പഠിപ്പിക്കുന്നു.

ഇരയെ ദേവപ്രീതിക്കായി കൊടിയ പീഡനത്തിലൂടെ കൊലപ്പെടുത്തി അവയുടെ ആന്തരിക അവയവങ്ങൾ കഴിവതും പച്ചയ്ക്ക് ഭക്ഷിക്കുന്ന കാടൻ സമ്പ്രദായം ഒട്ടും പുതുമയുള്ളതല്ലെന്ന് സാരം. പത്തനംതിട്ട കേസിൽ അവയവകടത്തുകാർക്ക് പങ്കുണ്ടെന്ന സംശയം പല ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ചില മാധ്യമങ്ങൾ അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നുമുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയക്ക് ഡോക്ടർമാരുടെ സഹായവും അത്യാധുനികമായ സാങ്കേതിക സഹായവുമെല്ലാം ആവശ്യമാണ്. പത്തനംതിട്ടയിലെ ഒരു നാട്ടിൻപുറത്തെ വീട്ടിൽ ആളുകളെ കെട്ടിയിട്ട് അവയവങ്ങളെടുത്ത് മറ്റൊരാളിൽ വെച്ചുപിടിപ്പിക്കാനായി കൊണ്ടുപോയി എന്നത് വിശ്വാസ യോഗ്യമല്ല. അവയവങ്ങളെടുത്ത് മന്ത്രവാദം നടത്തുകയോ മറ്റ് മന്ത്രവാദികൾക്ക് നൽകുകയോ ചെയ്തുവെന്നതിലേക്കല്ലാതെ ഈ സംഭവത്തെ കൊണ്ടുകെട്ടാൻ സാധിക്കില്ല.
أحدث أقدم