കണ്ണൂര്‍ : വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് മനസിലാക്കിയ ശേഷമായിരുന്നു അധ്യാപകന്‍ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളുമയച്ചതിന് പോക്സോ കേസ് ചുമത്തിയാണ് ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷിനെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സിപിഎം പ്രവർത്തകനായ സജീഷ് മുമ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍റെ പേഴ്സണൽ സ്റ്റാഫിലും അംഗമായിരുന്നു. ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സജീഷിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്നാണ് അന്ന് ഒഴിവാക്കിയത്. അധ്യാപകന്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത് പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പ്രിന്‍സിപ്പാള്‍ ഉടന്‍ പരാതി പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ സജീഷ് ഒളിവില്‍ പോയി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി സജീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍, നാട്ടുകാര്‍ എത്തി രക്ഷിക്കുകയായിരുന്നു. സജീഷ് ബുധനാഴ്ച രാത്രി മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞ പരിയാരം പൊലീസ് അങ്ങോട്ടെത്തി ഇയാളെ പിടികൂടുകയും ചെയ്തു.
സജീവ സിപിഎം പ്രവര്‍ത്തകനായ സജീഷ് കെഎസ്ടിഎ ഭാരവാഹിയുമാണ്. കേസില്‍ നിന്ന് സജീഷിനെ രക്ഷപ്പെടുത്താൻ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉറച്ച് നിന്നതോടെയാണ് കേസെടുക്കേണ്ടി വന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.