ശബരിമലയിൽ തീർഥാടക ഡോളിയിൽ നിന്നും വീണു, തലയ്ക്കും കാലിനും പരിക്ക്; ഡോളി തൊഴിലാളികൾ കസ്റ്റഡിയിൽ

ശബരിമല (ഫയൽ ചിത്രം). 

പത്തനംതിട്ട: ശബരിമലയിൽ കനത്ത മഴ തുടരുന്നു. സന്നിധാനത്ത് ഡോളിയിൽ നിന്നു വീണ് കർണാടക സ്വദേശിനിയായ തീർഥാടകയ്ക്ക് പരിക്കേറ്റു. മഞ്ജുള എന്ന മാളികപ്പുറത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം കനത്ത മഴ പെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്. സന്നിധാനത്തു വലിയ നടപ്പന്തലിലേക്ക് ഡോളി എത്തുമ്പോഴാണ് അപകടം. സംഭവത്തെ തുടർന്ന് കടന്നുകളഞ്ഞ ഡോളി എടുപ്പുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യൻ, രവി, പ്രശാന്ത്, കാളിശ്വരൻ, എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുള്ളതിനാൽ വൈദ്യപരിശോധനക്ക് വിധേയരാക്കി. തലയ്ക്കും കാലിനും പരിക്കേറ്റ മഞ്ജുളയെ ആദ്യം പമ്പ സർക്കാർ ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്ന തിങ്കളാഴ്ച ഉച്ച മുതൽ ശബരിമല മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. എന്നിട്ടും തീർഥാടകരുടെ തിരക്കും വർധിച്ചിട്ടുണ്ട്. അടുത്ത മണ്ഡല കാലം മുതൽ ഒരു വർഷക്കാലം അയ്യപ്പ പൂജ നടത്താനുള്ള മേൽശാന്തി നറുക്കെടുപ്പ് ഇന്ന് രാവിലെ നടന്നു. ശബരിമലയുടെ പുതിയ മേൽശാന്തിയായ കെ ജയരാമൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും നറുക്കെടുത്തു. തുലാമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു.


أحدث أقدم