ഫ്ലോറിഡയെ തകര്‍ത്ത് യാൻ, അമേരിക്ക നേരിട്ട ശക്തമായ ചുഴലിക്കാറ്റുകളിലൊന്നെന്ന് റിപ്പോര്‍ട്ട്


ഫ്ലോറി‍ഡ : അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ അതീജിവിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് രക്ഷാപ്രവർത്തകർ ഇപ്പോഴും. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടുകളും റെസ്റ്റോറന്റുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. 

ലീ കൗണ്ടിയിൽ മാത്രം മരിച്ചത് 35 പേരാണ്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഫ്ലോറിഡ ബുധനാഴ്ച സന്ദർശിക്കും. അതേസമയം തിങ്കളാഴ്ച, മറ്റൊരു ചുഴലിക്കാറ്റായ ഫിയോനയിൽ നാശനഷ്ടം ഉണ്ടായ പ്യൂറെറ്റോ റികോ സന്ദർശിച്ചതിന് ശേഷമായിരിക്കും ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് അമേരിക്കയിൽ ഫിയോന ആഞ്ഞടിച്ചത്. 

വൈദ്യുതി, ഫോൺ ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്. ഫ്ലോറിഡയിൽ 900,000 പേർക്ക് വൈദ്യുതി ലഭിക്കുന്നില്ല. വിർജിനിയയിലും നോർത്ത് കരോലിനയിലുമായി 45000 ഓളം പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് പാലങ്ങൾ തകർന്നതായും വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങി 16 കുടിയേറ്റക്കാരെയാണ് കാണാതായിരിക്കുന്നതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ‍

ക്യൂബയിലും നാശം വിതച്ച് ഇയാൻ ചുഴലിക്കാറ്റ് 

കഴിഞ്ഞ ദിവസം വീശിയടിച്ച് ഇയൻ ചുഴലിക്കാറ്റിൽ ക്യൂബയുടെ പടിഞ്ഞാൻ പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകിയതിനാൽ രാജ്യത്തെങ്ങും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന പവർ പ്ലാൻറുകളിൽ അറ്റകുറ്റപണി നടക്കുകയാണെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കലാതാമസമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിനെ തുടർന്ന് ദേശീയ വൈദ്യുത സംവിധാനം തകർന്നെന്നും ഇതോടെ ദ്വീപിൽ വ്യാപകമായ ഒരു ബ്ലാക്ക്ഔട്ട് സംഭവിച്ചതായും ഇലക്‌ട്രിക്കൽ എനർജി അതോറിറ്റിയുടെ തലവൻ ക്യൂബൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വെളിപ്പെടുത്തിയത്. ഇതോടെ 11 ദശലക്ഷം ആളുകൾ ഇരുട്ടിലായതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്ക് മാറ്റാൻസാസ് ആസ്ഥാനമാക്കി സ്ഥിതി ചെയ്യുന്ന  ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാൻറാണ് അൻറോണിയോ ഗിറ്ററസ്.  ചുഴലിക്കാറ്റിനെ തുടർന്ന് ഈ പ്ലാറ്റിൽ കനത്ത നാശനഷ്ടം ഉണ്ടായി. അറ്റകുറ്റപണികൾക്കായി പ്ലാൻറ് ഷട്ട്ഡൗൺ ചെയ്തു.  ക്യൂബയിൽ മറ്റെവിടെയും വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ല. ഇതോടെ രാജ്യം ഇരുട്ടിലായി. അറ്റകുറ്റപണികൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്ലാൻറ് പ്രവർത്തന ക്ഷമമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

أحدث أقدم