രണ്ട് കോടി രൂപ മുടക്കി പണി തീർത്തിട്ടും മന്ത്രിയുടെ സമയം ശരിയാകാത്തതിനാൽ ഉദ്ഘാടനം നടത്താതെ വൈകിപ്പിക്കുകയാണ് പാമ്പാടി ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന്റെ പ്രവർത്തനം. നിരവധിയായ പൊതുജന പ്രധിഷേധങ്ങൾക്കൊടുവിലാണ് ഒപി ബ്ലോക്കിന്റെ നിർമാണം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചത് എന്നാൽ പണി പൂർത്തിയായ കെട്ടിടം ഉദ്ഘാടനം നടത്തുന്നതിൽ മാത്രം ഒട്ടും ആർദ്രതയില്ല.
ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, നേത്ര വിഭാഗം, ഓർത്തോ പീഡിക്‌സ്, ഗൈനക്കോളജി തുടങ്ങി 16 ഓളം വിഭാഗങ്ങളുടെ പ്രവർത്തനം ആണ് ഉദ്ഘാടനം നീട്ടിവെക്കുന്നതിൽ തടസപ്പെട്ടിരിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു കളഞ്ഞതിനാൽ രോഗികളായ ആളുകൾ വലയുകയാണ്.
രാത്രിയും പകലുമായി നൂറിലേറെ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പാമ്പാടി ആശുപത്രിയിൽ ആകെ 2 ഡോക്ടർമാർ മാത്രമാണുള്ളത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനോ കൂടുതൽ ജീവനക്കാരെ നിയമിക്കുവാനോ ആയി സ്ഥലം എംഎൽഎ യോ പ്രദേശ വാസിയായ മന്ത്രിയോ തയാറാകുന്നില്ല. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാമ്പാടി ആശുപത്രി പൊതുജനത്തിന് എത്രയും വേഗം തുറന്നു കൊടുക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി തയാറാകണമെന്ന് ബിജെപി ജില്ലാ സെക്രട്ടറിയും എച്.എം.സി മെമ്പറുമായ സോബിൻലാൽ ആവശ്യപ്പെട്ടു.