അപൂര്‍വ്വ ഇനം ഹെഡ്ജ് ഹോഗ് അതിഥിയായി എത്തി; പോലീസെത്തി കൊണ്ടുപോയി


തിരുവനന്തപുരം: അതിഥിയായി എത്തിയ ഹെഡ്ജ് ഹോഗ് ഇനത്തില്‍പ്പെട്ട അപൂര്‍വ്വ ജീവിയെ വീട്ടുകാര്‍ പോലീസിന് കൈമാറി. പേയാട് കൈരളി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റായ സാന്‍റന്‍റെ വീടിനു പരിസരത്ത് നിന്നുമാണ് അപൂര്‍വ ഇനത്തിലെ ഹെഡ്ജ് ഹോഗ് ജീവിയെ കണ്ടെത്തിയത്. വീടിന്‍റെ പുറകിലെത്തിയ ജീവിയെ സാന്‍റെന്‍റെ ഭാര്യആണ് ആദ്യം കണ്ടത്. നേരിയ ഭയത്തോടെ ആണ് ഇവര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലയിന്‍കീഴ് പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വളര്‍ത്തു ജീവിയില്‍ പെടുന്ന ഇനം ആണെങ്കിലും ഇതിനെ വനം വകുപ്പിനെ ഏല്‍പ്പിക്കാന്‍ ആണ് പോലീസ് തീരുമാനം. വലിയ വെള്ള എലിയെന്ന് തോന്നിക്കുകയും അതേസമയം തന്നെ മുള്ളന്‍ പന്നിയുടെ രൂപ സാദൃശ്യം തോന്നിപ്പിക്കുന്ന ജീവിയെ ഇത്തിള്‍ പന്നികള്‍ എന്നും പറയാറുണ്ട്. ബ്രൗണ്‍ നിറത്തിലുള്ളവയും വെള്ളയും ബ്രൗണ്‍ നിറവും കലര്‍ന്നവയും ഉണ്ട്. പന്നിയുടേതും എന്നാല്‍ എലിയുടേതും പോലെ തോന്നുന്ന മുഖവും വായ ഭാഗവും ആണ്. മുള്ളും ശരീരവും ഒക്കെ വെള്ളയായ, ജീവിയുടെ കണ്ണുകള്‍ കടുത്ത തിളങ്ങുന്ന ചുവപ്പ് നിറമാണ്. അഞ്ചുമുതല്‍ ഏഴ് വര്‍ഷം വരെ മാത്രമേ ഇവ ജീവിക്കുകയുള്ളു. ആക്രമണ കാരിയല്ലത്ത ഇവ മനുഷ്യരോട് ഇണങ്ങുന്ന പ്രകൃതമാണ്. ഇവക്ക് പ്രതികൂല സാഹചര്യങ്ങളില്‍ കാലുകളും തലയും പൂര്‍ണമായി ഉള്‍വലിഞ്ഞ് മുള്‍ക്കെട്ടോടുകൂടിയ ഒരു പന്തായി ചുരുങ്ങും. വിശ്രമിക്കുന്നതും പന്ത് രൂപത്തിലാണ്. അര അടിയോളം നീളം വച്ച് കാലുകളും തലയും പുറത്തിട്ട് നീളമേറിയ ചുണ്ടുകള്‍ നീട്ടിപ്പിടിച്ച് ഇരതേടിയിറങ്ങുന്നതാണ് ഇവയുടെ രീതി. മണ്ണിരയും ഷഡ്പദങ്ങളുമാണ് ഈ വാലില്ലാ സസ്തനിയുടെ പ്രധാന ഭക്ഷണം. വെള്ളത്തില്‍ ഇട്ടാല്‍ ഇവക്ക് നന്നായി നീന്താനും അറിയാം. കാട്ടാക്കട പ്രദേശത്ത് ഇവയെ ഇത്തരത്തില്‍ ആദ്യമായി ആണ് കണ്ടെത്തുന്നത്.

أحدث أقدم