നാളെ പ്രത്യേക സിറ്റിങ്; സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരായ ​ഹർജി സുപ്രീം കോടതിയിൽ





പ്രൊഫ. ജിഎന്‍ സായിബാബ ഭാര്യ വസന്തയ്‌ക്കൊപ്പം/ഫയല്‍
 

നാഗ്പുര്‍: പ്രൊഫ. ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ​ഹർജി സുപ്രീം കോടതി നാളെ പരി​ഗണിക്കും. നാളെ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി കേൾക്കുന്നത്. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സായിബാബയെ ഉടന്‍ മോചിപ്പിക്കാന്‍ ജസ്റ്റിസുമാരായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ ഹർജി.

ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്. 

സായിബാബയ്‌ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പേരുടെയും അപ്പീലുകള്‍ ഹൈക്കോടതി അനുവദിച്ചു. ഇതില്‍ ഒരാള്‍ അപ്പീല്‍ വാദത്തിനിടെ മരിച്ചിരുന്നു. 

ഗഡ്ചിരോളിയിലെ വിചാരണക്കോടതിയാണ് സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.


أحدث أقدم