കോട്ടയം ജില്ലയിൽ നിത്യോപയോഗ സാധനങ്ങൾ അമിത വില സംബന്ധിച്ച് അന്വേഷിച്ച് നടപടയെടുക്കാൻ തീരുമാനം

കോട്ടയം: ജില്ലയിൽ മാത്രമായി നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവയുടെ അമിത വില സംബന്ധിച്ച് അന്വേഷിച്ച് നടപടയെടുക്കാൻ തീരുമാനം. ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതിയുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സംസ്ഥാന ഭക്ഷ്യസമിതയംഗം സബിത ബീഗത്തിൻ്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ജില്ലയിൽ മാത്രമായുള്ള ഉയർന്ന അരിവില, നിത്യോപയോഗ സാധനങ്ങളുടെ വില വ്യത്യാസം, തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് യോഗം പരിഗണിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും അരിയ്ക്ക് പല വിലയാണ്. ജി. എസ്. ടിയുടെ മറവിലാണ് അറിവില വർധന എന്നാണ് ആക്ഷേപം. കൂടാതെ അരി പൂഴ്ത്തിവയ്ക്കുന്നെന്നും പരാതിയുണ്ട്. പാക്കറ്റിൽ ലഭിക്കുന്ന സാധനങ്ങളുടെ വില കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന സൗജന്യ ഓഫറുകൾ തട്ടിപ്പാണെന്നും ആക്ഷേപം ഉയർന്നു. സൂപ്പർ മാർക്കറ്റുകളിലെ പാക്കറ്റ് ഉൽപന്നങ്ങളുടെ തൂക്കത്തിൽ കുറവുണ്ട്. ഇവ തൂക്കിനോക്കി ഉപഭോക്താക്കൾക്ക് ഭാരം ബോധ്യപ്പെടുത്താനുള്ള സംവിധാനം ക്യാഷ് കൗണ്ടറിനു സമീപം സജ്ജീകരിക്കണം എന്ന നിർദേശവും അട്ടിമറിക്കുന്നെന്നും സമിതി അംഗം എബി ഐപ്പ് പരാതിപ്പെട്ടു. സൗജന്യ ഓഫറുകളുടെ പേരിൽ ഇവിടങ്ങളിൽ വിലയിൽ തട്ടിപ്പ് നടക്കുന്നുണ്ടത്രേ. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ഓഫറിന്റെ പേരിൽ ചില സാധനങ്ങൾക്ക് അധിക വിലയാണത്രേ ഈടാക്കുന്നത്. കാലാവധി തീരാറായ സാധനങ്ങളാണ് ഇത്തരത്തിൽ ഓഫർ ഇട്ട് നൽകുന്നത്. ബില്ലിൽ രണ്ട് സാധനത്തിനും വില ഈടാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം ദോശമാവ് വാങ്ങിയ പാമ്പാടി സ്വദേശിക്ക് ഇത്തരത്തിൽ തട്ടിപ്പ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അരി ഉൾപ്പടെ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് ബോർഡ് വച്ചശേഷം അതിക തുക ഈടാക്കുന്നതായും ആരോപണം ഉണ്ട്. ഈ പരാതികൾ ജില്ല സമിതി യോഗത്തിൽ ഉയർന്നു. ഇതേ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബിത ബീഗം ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനു ശേഷം കൂടുന്ന അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. ജില്ല കലക്ടർ, ജില്ല സപ്ലൈ ഓഫിസർ,മറ്റ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

أحدث أقدم