'കൊലയ്ക്ക് പിറ്റേന്നും തിരുമ്മൽ, സഹായിയായി ലൈല'; ഞെട്ടൽ മാറാതെ ഭഗവൽ വൈദ്യൻ അവസാനമായി തിരുമ്മിയ രോഗി


പത്തനംതിട്ട: തിരുമ്മലിനായി കാത്തിരുന്നിട്ടും വാരാമെന്നേറ്റ സമയം അതിക്രമിച്ചിട്ടും കാണാതായപ്പോൾ ഫോൺ വിളിച്ചു. ബെൽ മുഴുവൻ അടിച്ചു നിന്നിട്ടും ആരും എടുത്തില്ല. പിന്നെ ശ്രമം ഉപേക്ഷിച്ചു. ശനിയാഴ്ച എത്തി തിരുമ്മലിന് തിങ്കളാഴ്ച വരാമെന്നേറ്റ് മടങ്ങിയ ഭഗവൽ സിങ് വൈദ്യൻ അവസാനമായി തിരുമ്മൽ നടത്തിയെന്ന് കരുതുന്ന ഷേന്‍ സദാനന്ദിന്‍റെ വാക്കുകൾ ആണിവ. ഒന്നിട വിട്ട് തന്‍റെ വീട്ടിലെത്തി തിരുമ്മിയിരുന്ന വൈദ്യന്‍ ശനിയാഴ്ചയാണ് അവസാനം വന്നത്. തിങ്കളാഴ്ച വരേണ്ടിയിരുന്നതാണ്. കാണാതിരുന്നപ്പോഴാണ് ഫോണില്‍ വിളിച്ചത്. പിന്നീടറിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന കഥകളും. ഭഗവൽ സിങ് വൈദ്യനും ഈ രോഗിയും തമ്മിൽ ബന്ധപ്പെടുന്നത് എട്ട് മാസം മുൻപാണ്. കാലിലുണ്ടായ പരുക്ക് തിരുമ്മി ഭേദമാക്കുന്നതിനാണ് ഷേന്‍ ഭഗവല്‍ സിങിനെ കാണുന്നത്. ഇലന്തൂരിലെ തിരുമ്മൽ കേന്ദ്രത്തില്‍ എത്തിയപ്പോൾ കാലിന്‍റെ കെട്ട് അഴിച്ചു അവസ്ഥ കണ്ട ശേഷം ഇത് തന്നെക്കൊണ്ട് സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞു. പകരം വിദഗ്ധൻ എന്ന് പറഞ്ഞു കണ്ണൂരിലുള്ള ഒരു വൈദ്യന്‍റെ നമ്പര്‍ നൽകി. അവിടെ എത്തി ഏഴു മാസം ചികില്‍സ നടത്തിയിട്ടും പ്രയോജനപ്പെട്ടില്ല. സെപ്റ്റംബര്‍ 16 ന് തിരികെ നാട്ടില്‍ വന്ന ശേഷം വീണ്ടും ഭഗവൽ വൈദ്യനെ സമീപിച്ചു. തിരുമ്മൽ കൊണ്ട് ഭേദമാക്കാം എന്നറിയിച്ചു. 27ന് വൈദ്യര്‍ മലയാലപ്പുഴയിലെ വീട്ടില്‍ എത്തി. കൂട്ടത്തിൽ ഭാര്യ ലൈലയും ഉണ്ടായിരുന്നു. തിരുമ്മലിന് സഹായിയായി ലൈല പ്രവർത്തിച്ചു. എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് വൈദ്യര്‍ ഇവരോട് അഭിപ്രായം ആരായും. അതനുസരിച്ചാണ് തുടർ ചികിത്സ. തിരുമ്മുന്നതിന്‍റെ ഫീസ് പറഞ്ഞ് വാങ്ങിയതും ഇവര്‍ തന്നെ. ആകെ ഒമ്പതു ദിവസമാണ് തിരുമ്മിയത്. 27 മുതൽ എല്ലാ ദിവസവും ആയിരുന്നു ആദ്യം തിരുമൽ. പിന്നീടിത് ഒന്നിട വിട്ടുള്ള ദിവസങ്ങളിലായി. തിരുമ്മൽ സമയങ്ങളിൽ എല്ലാം ലൈലയും ഒപ്പം ഉണ്ടായിരുന്നു. വൈദ്യരോട് എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി പറയും. തന്‍റെ കാലിന്‍റെ അസുഖം സംബന്ധിച്ച് മാത്രമാണ് അയാള്‍ സംസാരിച്ചത്. ഭാര്യ ലൈല കൂടെ നിന്നും മാറാതെ ഒപ്പം നിന്നത് വൈദ്യര്‍ മറ്റെന്തെങ്കിലും സംസാരിക്കുമെന്ന് ഭയന്നാകുമെന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുവെന്നും ഷേന്‍ പറയുന്നു. സാമയം പറയുന്നതും ഫീസ് വാങ്ങുന്നിടത്തും എല്ലാം ലൈലയുടെ ആധിപത്യമായിരുന്നു. ഫീസ് വാങ്ങിയിരുന്നത്, പിന്നീട് എപ്പോള്‍ വരാമെന്ന് പറഞ്ഞിരുന്നതും ലൈലയാണ്. പോലീസ് പറയുന്നതനുസരിച്ച് ഇലന്തൂരില്‍ രണ്ടാമത്തെ നരബലി നടന്നത് സെപ്റ്റംബര്‍ 26 ആണ്. അതിന്‍റെ അടുത്ത ദിവസം 27 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ ആദ്യമായി മലയാലപ്പുഴയിൽ ഷെനിന്‍റെ വീട്ടിൽ എത്തുന്നത്. മലയാലപ്പുഴ ക്ഷേത്രത്തില്‍ ദർശനം നടത്തി നവാഹ യജ്ഞത്തിന്‍റെ ഭാഗമായ അന്നദാനത്തില്‍ പങ്കെടുത്ത ശേഷമാണ് എത്തിയതെന്നും വൈദ്യൻ പറഞ്ഞിരുന്നു. പോലീസ് ഭാഷ്യം അനുസരിച്ച് കൊല നടത്തി ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ചികിത്സക്ക് എത്തിയ ഇവര്‍ക്ക് ഭാവ ഭേദമോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ല. അവസാനം വിളിച്ചിട്ടും എടുക്കാതെ വന്നതോടെ ശ്രമം അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ചാനലുകൾ കാണുമ്പോഴാണ് താൻ വിളിക്കുമ്പോൾ വൈദ്യനും ഭാര്യയും പോലീസ് കസ്റ്റഡിയിലായിരുന്നു എന്നറിയുന്നതെന്നും ഷേന്‍ പറയുന്നു.

أحدث أقدم