ബ്ലൂ ടിക്കിന് പണം മുതൽ അക്ഷരങ്ങളുടെ പരിധി വർധിപ്പിക്കൽ വരെ; ഇലോൺ മസ്‌ക് ട്വിറ്ററിൽ വരുത്തുന്ന മാറ്റങ്ങൾ


വെബ് ടീം : ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ നിരവധി മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഹോംപേജില്‍ മസ്‌ക് ഇതിനകം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി വലിയ മാറ്റങ്ങള്‍ ഉടന്‍ നടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മസ്‌ക് കണ്ടന്റ് മോഡറേഷനും ഡിപ്ലാറ്റ്‌ഫോമിംഗ് നയങ്ങളും വിലയിരുത്തുകയും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മസ്‌ക് സ്ഥിരീകരിച്ച ചില മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

പുതിയ ഹോംപേജ്
പ്ലാറ്റ്ഫോമിന്റെ ഹോംപേജ് മാറ്റുമെന്ന് ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം, Twitter.com സന്ദര്‍ശിക്കുന്ന ലോഗ് ഔട്ട് ചെയ്ത ഉപയോക്താക്കളെ ലോഗിന്‍ പേജിലേക്ക് എത്തിക്കുന്നതിന് പകരം ട്രെന്‍ഡിംഗ് ട്വീറ്റുകളും വാര്‍ത്തകളും കാണിക്കുന്ന എക്‌സ്‌പ്ലോര്‍ പേജിലേക്ക് റീഡയറക്ട് ചെയ്യും. നേരത്തെ, ലോഗ് ഔട്ട് ചെയ്ത അല്ലെങ്കില്‍ പുതിയ ഉപയോക്താക്കള്‍ക്ക് ഹോം പേജില്‍ ഒരു സൈന്‍-അപ്പ് ഫോം മാത്രമേ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.

നീല ടിക്കിന് പണം ഈടാക്കും
ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നതും പരിഗണനിയിലാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാന്‍ പ്രതിമാസം 4.99 ഡോളര്‍ ആയിരുന്നത് 19.99 ഡോളാറായി ഉയർത്താനുള്ള തീരുമാനത്തിലാണ് മസ്‌ക്.

വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് സബ്സ്‌ക്രൈബ് ചെയ്യാന്‍ തൊണ്ണൂറു ദിവസമാണ് അനുവദിക്കുക. ഇതിന് ശേഷം പണം കൊടുക്കാത്തവരെ ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഈ മാറ്റം മസ്‌ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഒരു ട്വീറ്റിന് മറുപടി നല്‍കവെ മസ്‌ക് പറഞ്ഞിരുന്നു. നിരവധി ഉപയോക്താക്കള്‍ ഇതിന് മുമ്പും വെരിഫിക്കേഷന്‍ പ്രക്രിയയെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു.

പുതിയ അക്ഷര പരിധി
ട്വിറ്ററിലെ 280 അക്ഷര പരിമിതി ഒഴിവാക്കുകയോ പരിധി വര്‍ധിപ്പിക്കുകയോ ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. അക്ഷര പരിമിതി ഒഴിവാക്കുമോ അതോ പരിധി വര്‍ധിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

കണ്ടന്റ് മോഡറേഷന്‍ കൗണ്‍സില്‍
തന്റെ നേതൃത്വത്തില്‍ കമ്പനി 'വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ഒരു കണ്ടന്റ് മോഡറേഷന്‍ കൗണ്‍സില്‍' രൂപീകരിക്കുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. മോഡറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുമ്പ് പ്രധാന കണ്ടന്റ് തീരുമാനങ്ങളോ അക്കൗണ്ട് പുനഃസ്ഥാപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടന്റ് മോഡറേഷന്‍ നയങ്ങളില്‍ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കി.

അതേസമയം, ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുന്ന പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്സ്‌ക്രിപ്ഷനിലൂടെയാണ് ഇത്തരം ഫീച്ചറുകള്‍ ലഭിക്കുക.

ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വേണോ എന്ന ചോദ്യവുമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ മസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഈ ഫീച്ചര്‍ വേണമെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്ത എഴുപതു ശതമാനത്തിലേറെ പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍, ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഈ മാസം ആദ്യമാണ് നല്‍കിത്തുടങ്ങിയത്.

أحدث أقدم