കോട്ടയം ബേക്കർ ജംഗ്ഷനിൽ പിടികൂടിയത് ഒരു ലക്ഷം രൂപയുടെ എംഡിഎംഎ, എസി ബസിൽ കൊണ്ടുവന്നത് വീര്യം കൂടിയ ലഹരിമരുന്ന്.



കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിന്നും പോലീസിന്റെ ലഹരി വിരുദ്ധ സംഘം പിടിച്ചെടുത്തത് ഒരു ലക്ഷം രൂപ വില വരുന്ന വീര്യം കൂടിയ മയക്കുമരുന്നായ എം.ഡി.എം.എ. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനായാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കാഞ്ഞിരം ചുങ്കത്തിൽ വീട്ടിൽ അക്ഷയ് സി.അജി(25)യെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ഇയാളിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എം.ഡിഎം.എയും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും ഇയാൾ സ്ഥിരമായി ലഹരി മരുന്ന് വൻ തോതിൽ ജില്ലയിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ജില്ലാ പോലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ ഫോൺ കോളുകൾ അടക്കം പോലീസ് സംഘം നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ ബെംഗളൂരുവിലേയ്ക്കു പുറപ്പെട്ടതായി പോലീസ് സംഘം കണ്ടെത്തിയത്. തുടർന്ന് ഇയാളെ കർശനമായി നിരീക്ഷിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ അന്തർ സംസ്ഥാന എസി ബസിൽ ഇയാൾ കോട്ടയത്തേയ്ക്ക് എത്തിയതായി പോലീസ് സംഘത്തിനു വിവരം ലഭിച്ചു. തുടർന്നു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശാനുസരണം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം വാഹനത്തിൽ പരിശോധന നടത്തി ഇയാളെ പിടികൂടി പരിശോധന നടത്തി എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. പരിശോധനകൾക്ക് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് , വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. 

أحدث أقدم