സ്വപ്‌നയുടെ വീട്ടില്‍ പോയത് ഒറ്റയ്ക്കല്ല; തോളില്‍ കൈയിട്ടെന്ന ആരോപണം അസത്യം; കടകംപള്ളി സുരേന്ദ്രന്‍





തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടില്‍ പോയത് ഒരു ചടങ്ങിനിടെ സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വീട്ടില്‍നിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോള്‍ തോളില്‍ കൈയിട്ടെന്ന ആരോപണം അസത്യമാണ്.ഫോട്ടോ കൈവശമുണ്ടെങ്കില്‍ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമീപകാലത്ത് കേരളത്തിലുണ്ടായ ഒരു രാഷ്ട്രീയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നതാണ് ഇത്തരം ആരോപണങ്ങള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു താത്പര്യമോ ബന്ധമോ ഇല്ലാത്ത കാര്യത്തില്‍ തന്നെ വലിച്ചിഴയ്ക്കാന്‍ വലിയ ശ്രമമാണ് നടത്തിയത്. മൂന്ന് വര്‍ഷത്തിനിടെ പലരെ കുറിച്ചും അവര്‍ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും എന്നെ കുറിച്ച്‌ ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

സഹോദരനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ശരിയല്ല.ആത്മകഥയുടെ പേരുപോലെ സ്വപ്ന പത്മവ്യൂഹത്തില്‍പ്പെട്ടിരിക്കയാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പത്മവ്യൂഹത്തിലാണ് അവര്‍. ആരോപണങ്ങളില്‍ നിയമനടപടി പാര്‍ട്ടിയുമായി അലോചിച്ച്‌ തീരുമാനിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖത്തിനിടയില്‍ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്‌നയെന്നും കടകംപള്ളി പറഞ്ഞു.


أحدث أقدم