താടിയും മുടിയും നീട്ടിവളര്‍ത്തി കറുത്ത വേഷം മാത്രം ധരിക്കും; ജബ്ബാറിന് അഭയം നല്‍കുന്നത് വിശ്വാസികളോ? കൊല്ലത്തെ നഗ്നപൂജയില്‍ അറസ്റ്റ് വൈകുന്നു


കൊല്ലം: ചടയമംഗലത്ത് നഗ്നപൂജ നടത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതിയായ മന്ത്രിമാദി ഇപ്പോഴും ഒളിവില്‍ തന്നെ. 2016 മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബാധ ഒഴിപ്പിക്കലെന്ന പേരില്‍ തന്നെ നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ആറ്റിങ്ങള്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയതാണ് ആരോപണ വിധേയനായ മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍. ഇയാളുടെ സഹായി സിദ്ദിഖും യുവതിയുടെ ഭര്‍ത്താവും ഒളിവില്‍ തന്നെയാണ്. ജബ്ബാറിനായി തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസിപ്പോള്‍. അതിനിടെ ജബ്ബാറിനെതിരെ സമാനമായ പരാതി ഉന്നയിച്ച് മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. ഭര്‍ത്താവിന്റെ സഹോദരിയടക്കമുള്ള ചില ബന്ധുക്കള്‍ക്കെതിരെയും പരാതിക്കാരിയായ യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായതെന്നും യുവതി ആരോപിക്കുന്നു. നഗ്നപൂജയ്ക്ക് വിസമ്മതിച്ചപ്പോഴേയ്ക്ക് അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്നും യുവതിയുടെ പരാതിയില്‍ ആരോപണമുണ്ട്. മന്ത്രിവാദിയായ ജബ്ബാര്‍ തുടര്‍ച്ചയായി തമിഴ്‌നാട് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ഇയാളെ അന്വേഷിച്ച് ആളുകള്‍ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാന്‍ കാരണം. താടിയും മുടിയും നീട്ടി വളര്‍ത്തിയ ജബ്ബാര്‍ കറുത്ത വേഷമാണ് ഇപ്പോഴും ധരിക്കാറുള്ളത്. ഇയാള്‍ രൂപം മാറ്റിയിട്ടുണ്ടാകുമോയെന്ന സംശയവും പോലീസിനുണ്ട്. മന്ത്രവാദിയാകും മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു പ്രതി. യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


أحدث أقدم