അമ്മയാനയില്ലാതെ കുസൃതികാട്ടി കുട്ടിയാന; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ പ്രത്യേക നിരീക്ഷണം



തിരുവനന്തപുരം: കോട്ടൂര്‍ അഗസ്ത്യവനത്തില്‍ കഴിഞ്ഞ ദിവസം ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ തള്ളയാനയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയാന കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ പ്രത്യേക നിരീക്ഷണത്തില്‍. അവശതകളുള്ളതിനാല്‍ കുറച്ചുദിവസത്തെ നിരീക്ഷണത്തിനു ശേഷമേ മറ്റ് ആനകള്‍ക്കൊപ്പം വിടുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയാനയ്ക്ക് നിലവില്‍ പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ല. പ്രത്യേക കൂട്ടില്‍ പാപ്പാന്‍മാരുടെ നിരീക്ഷണത്തിലാണ്. കുട്ടിയാനയ്ക്ക് രാവിലെ പുല്ലും പച്ചിലകളും ഉള്‍പ്പെടെ സാധാരണ ആഹാരം നല്‍കി. ഇടയ്ക്ക് നനയ്ക്കുന്നുണ്ട്. പാപ്പാന്മാരുമായി ഇണങ്ങാന്‍ ദിവസങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഇപ്പോള്‍ 5 വയസ്സിനു താഴെയുള്ള ആനകളുടെ എണ്ണം 7 ആയി. ചെറുതും വലുതുമായി 16 ആനകള്‍ കേന്ദ്രത്തിലുണ്ട്. മൂന്നു വയസ്സുള്ള പിടിയാനക്കുട്ടിയെ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കോട്ടൂരില്‍ എത്തിച്ചത്. ചരിഞ്ഞ അമ്മയുടെ സമീപത്ത് നിന്നു മാറാതെ ചിന്നം വിളിച്ച് നിന്ന ആനക്കുട്ടിയെ വടം കെട്ടി കുരുക്കിട്ട് തള്ളയാനയുടെ ജഡത്തിനു സമീപം കെട്ടി നിര്‍ത്തിയ ശേഷം കുത്തിവയപ് നല്‍കി മയക്കിയാണു വാഹനത്തില്‍ കയറ്റി കോട്ടൂരെത്തിച്ചത്. കുരുക്കിട്ട് പിടിക്കാനുള്ള ശ്രമം വനപാലകര്‍ തുടങ്ങിയതോടെ ആന വിരണ്ടു. സാധാരണ 5 വയസ്സുവരെ കുട്ടിയാനകള്‍ തള്ളക്ക് ഒപ്പം ഉണ്ടാകുകയാണ് പതിവെന്ന് വനപാലകര്‍ പറഞ്ഞു. ആഹാരം കഴിച്ചിട്ട് 2 ആഴ്ചയിലേറെ ആയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഐഎസ്‌സുരേഷ് ബാബു പറഞ്ഞു. വായയുടെ ഉള്ളിലെ പഴുപ്പ് തലയിലേക്ക് കൂടി ബാധിച്ചിരുന്നു. മറ്റെന്തെങ്കിലും മാരക രോഗം ബാധിച്ചിരുന്നോയെന്നും വിഷാംശം ഉള്ളില്‍ ചെന്നിരുന്നോ എന്നും പരിശോധിക്കാനായി ആന്തരികാവയവങ്ങള്‍ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് സെന്ററിലേക്ക് അയച്ചു. കുറ്റിച്ചല്‍ പഞ്ചായത്തിലെ പട്ടാണിപ്പാറ ആദിവാസി സെറ്റില്‍മെന്റില്‍ ചൊവ്വാഴ്ചയാണ് ആദിവാസികള്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ ആനയ്ക്ക് അടുത്ത് കുട്ടിയാനയും നില്‍ക്കുന്നതായി ആദിവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.


أحدث أقدم