തൃശൂർ :ജന്മഭൂമി പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടൂറിസ് ബസ് ഉടമകളെ അറസ്റ്റ് ചെയ്തു. ‘ജയ്ഗുരുക ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശി സുജിത് സുധാകരന്‍, ‘ജീസസ്’ ടൂറിസ്റ്റ് ബസുടമ മറ്റം സ്വദേശി ദിലീഷ് ജോസ് എന്നിവരെയാണ് ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു.
സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വം ഡിജിപി യ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണ ചുമതല തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയെ ഏല്‍പ്പിച്ചിരുന്നു. കേസിലെ മറ്റുപ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ‘ജന്മഭൂമി’ ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെയാണ് പ്രതികള്‍ കൈയേറ്റം ചെയ്തത്.
കഴിഞ്ഞ 12ന് ഉച്ചയോടെ തൃശൂര്‍ തേക്കിന്‍കാട് മെെതാനത്ത് വെച്ചായിരുന്നു സംഭവം. ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് കളര്‍കോഡില്ലാതെ തൃശൂര്‍ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്താന്‍ തേക്കിന്‍കാട് മൈതാനത്തിലെത്തിയതായിരുന്നു ജീമോന്‍. ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് പൊലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. തുടര്‍ന്ന് ബസുടമകള്‍ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രചരിപ്പിച്ചവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് അറിയുന്നു