കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലോൺ വൂൾഫ് അറ്റാക്ക് നടത്താനാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ലക്ഷ്യമിട്ടതെന്ന് എൻഐഎ പറയുന്നു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനവസ്തുക്കളുമായോ വെടികോപ്പുകളുമായോ ഒറ്റയ്ക്ക് ഇടിച്ചുകയറി ആക്രമണ പരമ്പര സൃഷ്ടിക്കുന്നതാണ് ലോൺ വൂൾഫ് അറ്റാക്ക്. ഇതുവഴി നിരവധിപ്പേരെ ഒറ്റയടിക്ക് കൊലപ്പെടുത്താൻ കഴിയും. കോയമ്പത്തൂരിൽ ദീപാവലി തലേന്ന് തിരക്കേറിയ സ്ഥലങ്ങളിൽ ലോൺ വൂൾഫ് അറ്റാക്ക് നടത്താനായിരുന്നു ജമേഷ മുബിനും കൂട്ടരും പദ്ധതിയിട്ടത്. എന്നാൽ ജമേഷയുടെ പരിചയക്കുറവാണ് ആക്രമണം പാളിപ്പോകാൻ ഇടയാക്കിയതെന്നും എൻഐഎ പറയുന്നു. ലക്ഷ്യമിട്ട സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ സ്ഫോടനം നടന്നു.
കോട്ടമേട് സംഗമേശ്വര ക്ഷേത്രം, മുണ്ടി വിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവിടങ്ങളില്‍ മുബിനും കൂട്ടാളികളും നിരീക്ഷണം നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ജമേഷ മുബിന്‍, അസ്ഹറുദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് ഗാന്ധി പാര്‍ക്കിലെ ബുക്കിംഗ് കേന്ദ്രത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങിയത്.
ലോറി പേട്ടയ്ക്ക് സമീപമുള്ള മാര്‍ക്കറ്റില്‍ നിന്ന് ആണികള്‍, ഗോലികള്‍, സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനുള്ള മെറ്റല്‍ ക്യാനുകള്‍ എന്നിവ വാങ്ങിയതായും എന്‍ഐഎ കണ്ടെത്തി. ഇതെല്ലാം സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ നിന്നും കണ്ടെടുത്തിരുന്നു. ആണിയും വെടിമരുന്നുമെല്ലാം ഉപയോഗിച്ച് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായവര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
എന്താണ് ലോൺ വൂൾഫ് അറ്റാക്ക്?
ഒരു തീവ്രവാദ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രപരമോ ദാർശനികമോ ആയ വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകാനായി, ബാഹ്യമായ ഒരു കൽപ്പനയോ നിർദ്ദേശമോ ഇല്ലാതെ സ്വയം ആക്രമണം നടപ്പാക്കുന്ന രീതിയാണിത്. ഒറ്റപ്പെട്ട ചെന്നായയെപ്പോലെ ആക്രമിക്കുകയും അതിനുള്ള തന്ത്രങ്ങളും രീതികളും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ ആക്രമണം നടത്താൻ തയ്യാറാകുന്നയാൾ ഒരിക്കലും അവർ അറിയപ്പെടുന്ന ഭീകര ഗ്രൂപ്പുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്നില്ല. അതുപോലെ, തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർക്ക് ഇത്തരം ആക്രമണം ഏറ്റെടുക്കാൻ ചുമതലപ്പെട്ടയാളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം അവർ പതിവ് തീവ്രവാദ വിരുദ്ധ നിരീക്ഷണവുമായി സമ്പർക്കത്തിൽ വരാറില്ല. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗണ്ടർ ടെററിസത്തിലെ റിസർച്ച് അസിസ്റ്റന്റായ സാറാ ടീച്ചിന്റെ 2013-ലെ വിശകലനം അനുസരിച്ച്, 1990-നും 2013-നും ഇടയിൽ വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ഉണ്ടായ ഇസ്ലാമിക തീവ്ര സംഘടനകൾ നടത്തിയ ഭീകരാക്രമണങ്ങൾ ലോൺ വൂൾഫ് അറ്റാക്ക് രീതിയിലുള്ളവയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1990 മുതൽ 2000 വരെ ലോൺ വൂൾഫ് അറ്റാക്ക് ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ എണ്ണത്തിലും ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
ഫിനാൻഷ്യൽ ടൈംസ് പറയുന്നതനുസരിച്ച്, തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ "അധികാരികൾക്ക് അറിയാവുന്ന, എന്നാൽ അന്വേഷണങ്ങൾ വർധിപ്പിക്കാൻ വേണ്ടത്ര പ്രാധാന്യമുള്ളവരായി കണക്കാക്കാത്ത" ഒറ്റപ്പെട്ട വ്യക്തികളെ ഐഡന്‍റിഫൈഡ് വൂൾഫ് എന്ന് വിളിക്കുന്നു.