ഇരകളായി വിദ്യാർത്ഥിനികളും, കൊല്ലം ജില്ലയിലേക്ക് ലഹരി ഒഴുകുന്നു, എത്തുന്നത് ബെം​ഗളൂരുവിൽ നിന്ന്

 


കൊല്ലം: ജില്ലയിലേക്ക് ലഹരി ഒഴുകുന്നു. എംഡിഎംഎ യും ലഹരി ഗുളികളും എത്തുന്നത് ബാഗ്ലൂരിൽ നിന്ന്. കഴിഞ്ഞ രാത്രിയിൽ മാത്രം എക്സൈസ് പിടി കൂടിയത് ഏഴ് യുവാക്കളെ. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയില്‍ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ്. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ മാത്രം പിടികൂടിയത് അൻപതിലധികം യുവാക്കളെയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയിഡിലാണ് ഏഴു പേര്‍ പിടിയിലായത്. ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖില്‍, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്. വിവേകില്‍ നിന്നും പത്ത് ലഹരിഗുളികകളും ദീപു, വിഷ്ണു, അഖില്‍ എന്നിവരില്‍ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു കേസില്‍ ഇയാളെ എക്സൈസ് സംഘം പിടികൂടുന്നതിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ഇരകൾ വിദ്യാർഥിനികളാണെന്നും എക്സൈസ് കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എക്സൈസൈസും, പോലീസും നടത്തിയ റെയ്ഡിൽ ജില്ലയിൽ മാത്രം പിടിയിലാകുന്നത് അൻപതിലധികം യുവാക്കൽ. കൗമാരക്കാരെ ലക്ഷ്യം വച്ചാണ് ഇവരുടെ പ്രവർത്തനം. ബാഗ്ലൂർ, കൊച്ചി, മുബൈ, മാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊല്ലത്ത് എത്തുന്നതെന്നും കണ്ടെത്തി.വരും ദിവസങ്ങളിലും ഈ കണ്ണികളിൽ ഉള്ള കൂടുതൽ പേർ പിടിയിലാകുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.


أحدث أقدم