എരുമേലി : മരം വീണ് തകർന്ന എരുമേലി ഗ്രാമ പഞ്ചായത്തിന്റെ പേരൂർ ത്തോട് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിലെ റൂഫിങ്ങിന്റെ 400 കിലോഗ്രാം വരുന്ന ഇരുമ്പ് സാധനങ്ങൾ അനുമതി ഇല്ലാതെ ആക്രി വിലയ്ക്ക് വിറ്റതായി പരാതി. ആരോഗ്യ വകുപ്പ് ജീവനക്കാരിക്കും ഭർത്താവിനും എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്, രണ്ട് വർഷം മുമ്പ് വനം വകുപ്പിന്റെ ചോല മരം റോഡിലേക്ക് വീണ് റൂഫിങ്ങിന്റെ ഏതാനും ഭാഗം തകർന്നിരുന്നു. അന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി.
വനം വകുപ്പും നാട്ടുകാരും ചേർന്ന് മരത്തിന്റെ ബാക്കി ഭാഗം നീക്കി. ഇതിന്റെ പണിക്കൂലി നൽകിയതിന്റെ തുക കിട്ടാൻ റൂഫിങ്ങിലെ തകർന്ന 400 കിലോയോളമുള്ള ഇരുമ്പ് സാധനങ്ങൾ ജീവനക്കാരി വിറ്റെന്നാണ് പരാതി. തുച്ഛമായ പണിക്കൂലിക്ക് ആയിരങ്ങൾ വിലയുള്ള ആക്രി സാധനങ്ങൾ വിറ്റെന്നാണ് പരാതി. തകർന്ന റൂഫിങ് പുനർ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എത്തിയതോടെ നാട്ടുകാർ പരാതി ഉന്നയിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരോടും മെഡിക്കൽ ഓഫിസറോടും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് വർഷം മുമ്പു നടന്ന ഇ സംഭവം മുൻ ഭരണ സമിതിയി മൂടിവച്ചതായും ആരോപണം ശക്തമാണ് .