പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിലായി.പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്ന് എന്‍ഐഎ സംഘമാണ് റൗഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവില്‍ പോയ റൗഫ് കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ റൗഫ് സഹായിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. വീട് വളഞ്ഞാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചില ലഘുലേഖകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താന്‍ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്.