സൈനികന്‍ അശ്വിന് നാടിന്റെ അവസാന സല്യൂട്ട് ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം


അശ്വിന് സൈന്യം അന്തിമോപചാരം അര്‍പ്പിക്കുന്നു
 

കാസർകോട്‍ : അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനീകന്‍ കെവി അശ്വിന് ജന്മനാടിന്റെ യാത്രമൊഴി. കാസര്‍കോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെ ഭൗതികദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും അന്ത്യോപചാരമര്‍പ്പിച്ചു. വായനശാലയിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ഹൃദയഭേദകരമായ രംഗങ്ങളാണുണ്ടായത്.

പതിനൊന്നരയോടെ സഹോദരി പുത്രന്മാര്‍ ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍ കണ്ടു നിന്നവരെല്ലാം വിങ്ങിപൊട്ടി. നാല് വര്‍ഷം മുമ്പ് പത്തൊമ്പതാം വയസിലാണ് അശ്വിന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി സൈന്യത്തില്‍ പ്രവേശിച്ചത്. 

ഓണമാഘോഷിച്ച് ഒരു മാസം മുന്‍പായിരുന്നു അശ്വിന്‍ തിരികെ പോയത്. കഴിഞ്ഞ വെള്ളിയഴ്ച അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അശ്വിന് ജീവന്‍ നഷ്ടമായത്.

أحدث أقدم