കൊച്ചി: പ്രശസ്ത കലാസംവിധായകനും - പരസ്യ കലാകാരനുമായ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ പോസ്റ്ററുകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിർമാതാവു കൂടിയാണ് കിത്തോ.
കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ചിത്രകൗമുദി എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം. കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി. കലാസംവിധാനത്തിനൊപ്പം പരസ്യകലയിലും സജീവമായിരുന്നു.
പിൽക്കാലത്ത് സിനിമാ മേഖലയിൽ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയിൽ പ്രവർത്തിക്കുന്ന "കിത്തോസ് ആർട്ട് " എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. ഇളയമകൻ കമൽ കിത്തോയ്ക്കൊപ്പമാണ് ഇത് നടത്തിയിരുന്നത്. ഭാര്യ ലില്ലി. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു.